കാലാവധി കഴിഞ്ഞ ലൈസൻസ് ഒരു വർഷത്തിനുശേഷം പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് നടത്താം; ഹൈക്കോടതി
കാലാവധി കഴിഞ്ഞ ലൈസൻസ് ഒരു വർഷത്തിനുശേഷം പുതുക്കുന്നതിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് ആവശ്യപ്പെടാൻ മോട്ടോർ വാഹന ആക്ടിൽ വ്യവസ്ഥയുണ്ടെന്ന് ഹൈക്കോടതി. ഡ്രൈവിങ് ടെസ്റ്റ് പാസാകാത്തവർക്ക് ലൈസൻസ് പുതുക്കാൻ ടെസ്റ്റ് ബാധകമാക്കി 2019 -ൽ പുറപ്പെടുവിച്ച സർക്കുലർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കുറുമശ്ശേരി സ്വദേശി സെബാസ്റ്റ്യൻ ജേക്കബ് നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ നിരീക്ഷണം.
കൊവിഡ് കാലഘട്ടത്തിൽ 2000-ൽ ലഭിച്ച ലൈസൻസ് പുതുക്കാൻ സാധിക്കാതിരുന്നതിനാൽ കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുശേഷം കൊടുവള്ളി ജോ ആർടി ഓഫീസിൽ സെബാസ്റ്റ്യൻ ജേക്കബ്അപേക്ഷ നൽകിയിരുന്നു. 2022 ജൂലൈയിൽ അപേക്ഷ നൽകിയതിനെ തുടർന്ന് 2032 വരെ ലൈസൻസ് കാലാവധി നീട്ടി ലൈസൻസ് പുതുക്കി നൽകിയിരുന്നു. പിന്നീട് ലൈസൻസിന്റെ ലാമിനേറ്റഡ് സ്മാർട്ട് കാർഡ് ലഭിക്കാനായി അങ്കമാലി ആർ ടി ഓഫീസിൽ ജോ അപേക്ഷ നൽകി. എന്നാൽ, ഓഫീസിൽ നേരിട്ട് ഹാജരാകാനും ഡ്രൈവിങ് ടെസ്റ്റ് നടത്താതെ ലൈസൻസ് പുതുക്കിയത് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു. കാലാവധി കഴിഞ്ഞ ലൈസൻസ് ഒരു വർഷത്തിനുശേഷം പുതുക്കുന്നതിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് നടത്തിയില്ലെന്ന് പറഞ്ഞായിരുന്നു നോട്ടീസ്. തുടർന്നാണ് സെബാസ്റ്റ്യൻ ജേക്കബ് കോടതിയെ സമീപിക്കുന്നത്. കാലാവധി കഴിഞ്ഞ ലൈസൻസ് ഒരു വർഷത്തിനുശേഷം പുതുക്കുന്നതിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് നടത്താത്തപക്ഷം പുതുക്കി നൽകാനുള്ള അപേക്ഷ അധികൃതർക്ക് നിരസിക്കാനാവുമെന്ന് കോടതി വ്യക്തമാക്കി.