ലോകസഭാ തിരഞ്ഞെടുപ്പ്സ്ക്വാഡുകൾ പിടിച്ചെടുക്കുന്ന പ്രചാരണ സാമഗ്രികള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യണം
തൃശ്ശൂർ : ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് എം സി സി/ ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകള്‍ പിടിച്ചെടുക്കുന്ന പ്രചാരണ സാമഗ്രികള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യണമെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ വി ആർ കൃഷ്ണ തേജാ അറിയിച്ചു. വിവിധ സ്ക്വാഡുകള്‍ പിടിച്ചെടുക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ/ സ്ഥാനാര്‍ഥികളുടെ പോസ്റ്റര്‍, ബാനര്‍, കൊടിതോരണങ്ങള്‍ എന്നിവ ചില സന്ദര്‍ഭങ്ങളില്‍ പൊതു സ്ഥലങ്ങളിലും സ്വകാര്യ ഭൂമിയിലും അലക്ഷ്യമായി വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള വസ്തുക്കള്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ചുമലതലപ്പെടുത്തിയ ഉദ്യോഗസ്ഥന് നിര്‍ദേശിക്കുന്ന ഏജന്‍സിക്കോ ഹരിതകര്‍മ സേനയ്ക്കോ കൈമാറുന്നതിനുള്ള നടപടി അതത് സ്ക്വാഡുകള്‍ സ്വീകരിക്കണം. നിര്‍ദേശം ലംഘിച്ചാല്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമാണെന്ന് പരിഗണിച്ച് നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.