മണപ്പുറത്തിന്റെ പ്രിയ കവി പി സലിം രാജ് അന്തരിച്ചു
തളിക്കുളം : മണപ്പുറത്തിന്റെ പ്രിയ കവിയും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന പി സലിം രാജ് (56) അന്തരിച്ചു. നിരവധി വിപ്ലവ ഗാനങ്ങളും, കവിതകളും രചിച്ച അദ്ധേഹം കേരള സാഹിത്യ അക്കാദമി പ്രൂഫ് റീഡർ കൂടിയാണ്. സിപിഐ എം സെൻ്റർ ബ്രാഞ്ച് അംഗം, പുരോഗന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തളിക്കുളം ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പട്ടാലി രാജൻ മാസ്റ്ററുടെയും കമല ടീച്ചറുടെയും മകനാണ് പി സലിം രാജ്. മൂന്നു ദിവസത്തോളമായി പനി ബാധിച്ച് കിടപ്പിലായിരുന്ന സലിംരാജിനെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പി സലിംരാജിന്റെ നിര്യാണത്തിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
“ഒരാൾ പ്രണയത്തെ അനുഭവിച്ച വിധം” എന്ന കാവ്യസമാഹാരം, വിപ്ലവഗാനങ്ങൾ, പാർട്ടി യെന്നാൽ, അക്ഷരനന്മ തുടങ്ങിയ കാവ്യസമാഹാരങ്ങൾ അദ്ധേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയിൽ പ്രസിദ്ധീകരണവിഭാഗത്തിൽ ജീവനക്കാരനാണ്. പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മറ്റി അംഗം,സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗവുമായിരുന്ന സലിം രാജ് കലാസാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ജനസംസ്ക്കാര ചലച്ചിത്ര കേന്ദ്രത്തിൻ്റെ മുഖപത്രമായ “കൊട്ടക” മാസിക യുടെ പത്രാധിപർ, ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശൂരിന്റെ (IFFT) ഭാഗമായുള്ള പ്രസിദ്ധീകരണ വിഭാഗത്തിലും അദ്ധേഹം പ്രവർത്തിച്ചിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ആദ്ധ്യാത്മിക മാസികയായ “ക്ഷേത്ര ദർശന ” ത്തിന്റെ പ്രൂഫ് റീഡറുമായിരുന്നു. ഭാര്യ: പ്രേംജിഷ (അധ്യാപിക ), മകൾ : ദേവിക.