വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിരോധനം
തൃശൂര്‍: ജില്ലയില്‍ ഇന്നും നാളെയും (മെയ് 21, 22) കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ അറിയിച്ചു. തൃശൂർ ജില്ലയിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂർമുഴി റിവർ ഗാർഡൻ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ വിനോദസഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച 2023 ലെ കാലവര്‍ഷ തുലാവര്‍ഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാര്‍ഗരേഖ (ഓറഞ്ച് ബുക്ക്) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ജില്ലയിലെ ബന്ധപ്പെട്ട എല്ലാ ഓഫീസ് മേധാവികള്‍ക്കും ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കി ഉത്തരവിട്ടു.
വയല്‍പ്രദേശം, പുഴയോരം, മലയോരം, മണ്ണിടിച്ചിലിന് സാധ്യതയുള്ളതായി വിദഗ്ധ സമിതി കണ്ടെത്തിയ ദുരന്തസാധ്യതാമേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. രാത്രിസമയങ്ങളില്‍ മഴ കനക്കുന്ന സാഹചര്യം ഉണ്ടെങ്കില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിക്കണം. താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാ കണ്‍ട്രോള്‍ റൂമും 24*7 മണിക്കൂറും പ്രവര്‍ത്തിക്കും. ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ മതിയായ ജീവനക്കാര്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ ഉണ്ടായിരിക്കണം. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്തപ്രതികരണസംവിധാനങ്ങളെ അലര്‍ട്ടാക്കി നിര്‍ത്തണം. ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോരപ്രദേശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍, മഴമുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ നിരോധിച്ചു. നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവികള്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ കൂടിയായ തഹസില്‍ദാര്‍മാര്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ജിയോളജിസ്റ്റ്, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, ഇടമലയാര്‍ ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരെ ചുമതലപ്പെടുത്തി.