BusinessGeneralKERALAM

വജ്ര ജൂബിലി നിറവിൽ മണപ്പുറം ഫിനാൻസ് 75 ഭിന്നശേഷിക്കാർക്ക് സ്കൂട്ടറുകൾ നൽകി

നെടുമ്പാശ്ശേരി: പ്രമുഖ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത 75 ഭിന്നശേഷക്കാർക്കുള്ള സ്കൂട്ടർ വിതരണം ചെയ്തു. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് വ്യവസായ മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്തു. നിർധനരായ വ്യക്തികളുടെ ജീവിതത്തിനു പുതിയ ദിശ നൽകുന്ന മണപ്പുറം ഫിനാൻസിന്റെ ഈ ഉദ്യമം ഏറെ അഭിന്ദനാർഹമാണെന്നു മന്ത്രി പറഞ്ഞു. വി പി നന്ദകുമാറിന്റെ നേതൃത്വത്തിൽ മണപ്പുറം ഫിനാൻസിന്റെ സിഎസ്ആർ വിഭാഗമായ മണപ്പുറം ഫൗണ്ടേഷൻ സമൂഹത്തിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ ആണ് നടത്തി വരുന്നത്. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. സഹയാത്രക്ക് സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി നടന്ന ‘വിങ്‌സ് ഓൺ വീൽസ്’ പരിപാടിയിൽ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ സ്കൂട്ടറുകൾ വിതരണം ചെയ്തു.

കോർപ്പറേറ്റ് സ്ഥാപനങ്ങൾ സിഎസ്ആർ പ്രവർത്തനങ്ങൾ നിർബന്ധമായും നടത്തണമെന്ന നിയമം പ്രാബല്യത്തിൽ വരുന്നതിനും വർഷങ്ങൾക്കു മുൻപേ മണപ്പുറം ഫൗണ്ടേഷൻ പ്രവർത്തനമാരംഭിച്ചതായും മഹാപ്രളയത്തിനു ശേഷം സംസ്ഥാനത്തുടനീളം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചതായും വി പി നന്ദകുമാർ പറഞ്ഞു. കേരളത്തിൽ നിർദ്ധനർക്കായി അഞ്ഞൂറോളം വീടുകൾ നേരിട്ടും വിവിധ സംഘടനകൾ വഴിയും മണപ്പുറം ഫൗണ്ടേഷൻ പൂർത്തീകരിച്ചതായി അദ്ദേഹം അറിയിച്ചു.

എം എൽ എമാരായ റോജി എം ജോൺ, ഇ ടി ടൈസൺ മാസ്റ്റർ, പി പി ചിത്തരഞ്ജൻ, സനീഷ് കുമാർ ജോസഫ് , മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ, മണപ്പുറം ജ്വല്ലേഴ്സ് എം ഡി സുഷമ നന്ദകുമാർ, മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് മൊറേലി, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി സുനിൽ, വിദ്യഭ്യാസ- ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ജെ ജോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.