വര്‍ണാഭമായി തൃശൂര്‍ ജില്ലാതല പ്രവേശനോത്സവം
തൃശൂര്‍ : ജില്ലാതല പ്രവേശനോത്സവം നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഉദ്‌ഘാടനം ചെയ്തു. കുതിരപുറത്ത് ഏറിയ വിദ്യാര്‍ഥിയും കുട്ടികളുടെ ബാന്റ് വാദ്യവും വിവിധ കലാരൂപങ്ങളുടെ വേഷപകര്‍ച്ചയിലുള്ള വിദ്യാര്‍ഥികളും തെയ്യവും നാടന്‍ കലാരൂപങ്ങളുമായി പ്രവേശനോത്സവത്തിന് മുന്നോടിയായി വര്‍ണാഭമായി റാലിയും ഒരുക്കിയിരുന്നു. കൂടാതെ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ റോബോട്ടിക്ക് ആനയും ഒട്ടകവും സ്‌കൂള്‍ കവാടത്തില്‍ തന്നെ ഉണ്ടായിരുന്നു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ടി.എന്‍ പ്രതാപന്‍ എം പി മുഖ്യാതിഥിയായി പങ്കെടുത്തു. ഡി പി സി എന്‍ ജെ ബിനോയ് പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ദിലീപ്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ്, ബ്ലോക്ക് അംഗം വിജയലക്ഷ്മി വിനയചന്ദ്രന്‍, മാത്യു പാറേക്കാടന്‍, കെ പ്രമോദ്, വി സുഭാഷ്, ടി എം ലത, വി ജെ ജോളി, എം സി നിഷ, ഗോഡ്വിന്‍, എം കെ പ്രീതി, പി എ റൊസീന, സെബാസ്റ്റ്യന്‍ ജോസഫ,് ഹെഡ്മിസിട്രസ് ഒ.ആര്‍ ബിന്ദു, എ.എ ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യമായി വിദ്യാലയത്തില്‍ എത്തിയ കുരുന്നുകള്‍ക്ക് പഠനോപകരണങ്ങളും മധുരവും വിതരണം ചെയ്തു.
പരിഷ്‌കരിച്ച പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ഈ വര്‍ഷം മുതലാണ് നടപ്പാക്കുന്നത്. പുസ്തകങ്ങള്‍ മുഴുവന്‍ കുട്ടികളിലേക്കും എത്തിച്ചു. വിവര സാങ്കേതിക വിദ്യ, നിര്‍മിത ബുദ്ധി, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, കലാ വിഭ്യാഭ്യാസം എന്നിവയില്‍ മികച്ച പഠനാനുഭവം കുട്ടികള്‍ക്ക് നല്‍കുന്നതിനായി ഒന്നുമുതല്‍ പത്താം ക്ലാസു വരെയുള്ള അധ്യാപകര്‍ക്ക് അഞ്ച് ദിവസത്തെ അവധിക്കാല പരിശീലനം പൂര്‍ത്തിയാക്കി. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പരിശീലനം ജൂണ്‍ മാസത്തില്‍ പൂര്‍ത്തിയാകും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രത്യേക പരിശീലനവും പൂര്‍ത്തിയായി.