ശക്തൻ തമ്പുരാൻ്റെ പ്രതിമ രണ്ടു മാസത്തിനകം പുന:നിർമ്മിക്കും മന്ത്രി കെ.രാജൻ
കെ എസ് ആർ ടി സി വാഹനം ഇടിച്ചു കയറി തകർന്ന ശക്തൻ തമ്പുരാൻ്റ തൃശൂരിലെ പ്രതിമ രണ്ടു മാസത്തിനകം പുതുക്കി പണിത് പുന:സ്ഥാപിക്കുന്നതിന് സജ്ജമാക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ അറിയിച്ചു. പുന:നിർമ്മാണത്തിൻ്റെ പകുതി ചെലവ് കെ എസ് ആർ ടി സി വഹിക്കാമെന്ന് മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. പകുതി ചെലവ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് മന്ത്രിയോടൊപ്പമുണ്ടായിരുന്ന പി.ബാലചന്ദ്രൻ എം എൽ എ പറഞ്ഞു. പ്രതിമ നിർമ്മിച്ച ശിൽപി കുന്നുവിള എം.മുരളിയുടെ നേതൃത്വത്തിൽത്തന്നെയാണ് പ്രതിമ പുനഃനിർമ്മിക്കുന്നത്. ശിൽപ്പിയുടെ പ്രാവീണ്യവും മുൻപരിചയവും ശക്തൻ തമ്പുരാനെക്കുറിച്ചുള്ള അറിവുമാണ് കുന്നുവിള എം.മുരളി തന്നെ മതി പ്രതിമ പുന:നിർമ്മിക്കാൻ എന്ന തീരുമാനത്തിലെത്തിച്ചത്. ശിൽപിയുടെ നേതൃത്വത്തിൽ പ്രതിമ തിരുവനന്തപുരത്ത് പാപ്പനംകോട് സിഡ്കൊ വ്യവസായ പാർക്കിലേക്ക് മാറ്റുന്നതിനോടനുബന്ധിച്ചാണ് മന്ത്രി ശക്തൻ സ്റ്റാൻ്റിൽ എത്തിയത്. കോർപറേഷൻ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വർഗീസ് കണ്ടംകുളത്തിയും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു. സിഡ്കോയിൽ വെച്ചായിരിക്കും പുന:നിർമ്മാണം.