മഴ; തൃശൂർ ജില്ലയില്‍ 11 ക്യാമ്പുകള്‍
തൃശൂർ: മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അഞ്ച് താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 54 കുടുംബങ്ങളാണുള്ളത്. ഇതില്‍ 72 പുരുഷന്മാരും 79 സ്ത്രീകളും 37 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- ഒന്ന്, കൊടുങ്ങലൂര്‍- രണ്ട്, കുന്നംക്കുളം- ഒന്ന്, മുകുന്ദപുരം- ആറ്, തൃശൂര്‍- ഒന്ന് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 58.33 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 17 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. പി.ഡബ്ല്യൂ.ഡി റോഡുകള്‍ തകര്‍ന്ന് 85.7 ലക്ഷം രൂപയുടെയും കെ.എസ്.ഇ.ബിക്ക് 31.922 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട് ഡാമുകള്‍ തുറന്നിട്ടുണ്ട്. പെരിങ്ങല്‍ക്കുത്ത് അഞ്ച് ഷട്ടറുകള്‍, പൂമല നാലും, അസുരന്‍കുണ്ട് മൂന്ന് ഷട്ടറുകളിലൂടെയും ജലം ഒഴുക്കിവിടുന്നുണ്ട്.