GeneralKERALAMTHRISSUR

മുതിർന്ന പൗരന്മാരുടെ പ്രശ്ന പരിഹാരത്തിന് സാമൂഹിക ഇടപെടൽ വേണം: അഡ്വ. ഇന്ദിരാ രവീന്ദ്രൻ

തൃശൂര്‍: മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാമൂഹിക ഇടപെടൽ അനിവാര്യമാണെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ പറഞ്ഞു. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. മുതിർന്ന പൗരന്മാർക്ക് പ്രായം കൂടുമ്പോൾ ചലനശേഷി കുറയുകയും അതുമൂലം സാമൂഹിക ഇടപെടലുകൾ കുറയുകയും ചെയ്യും. ഈ സമയത്ത് വലിയ ഏകാന്തതയാണ് അവർക്ക് അനുഭവപ്പെടുന്നത്. ഈ ഏകാന്തതയും ഒറ്റപ്പെടലും മാനസിക സംഘർഷത്തിനു വരെ വഴിയൊരുക്കും. ഈ സമയം സാമൂഹികമായ ഇടപെടലുകൾ അവർക്ക് കൂടുതൽ പ്രയോജനകരമാകും. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ പല രീതിയിലുള്ള പ്രശ്നങ്ങൾക്ക് വിധേയരാകുന്നുണ്ട്. ഒറ്റപ്പെടലും ഏകാന്തതയും ഉള്ളവര്‍ സഹായത്തിനായി പലരെയും ആശ്രയിക്കേണ്ടി വരുന്നുണ്ട്. പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവര്‍ ചൂഷിതരാകുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇവര്‍ക്ക് വേണ്ട പരിഗണനയും ശ്രദ്ധയും ആവശ്യമായ സഹായവും നല്‍കാന്‍ തയാറാകണം. ഇത്തരത്തില്‍ നഗരത്തില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന സ്ത്രീകള്‍ക്ക് തുണയാകുന്നതിന് റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്കു നല്ല പങ്ക് വഹിക്കാനാകും. വിവാഹേതരബന്ധങ്ങളുടെ ഫലമായി കുടുംബജീവിതത്തില്‍ താളപ്പിഴകളുണ്ടാകുകയും ദമ്പതികള്‍ തമ്മിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതു മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും അദാലത്തുകളില്‍ എത്തുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജാഗ്രതാ സമിതികൾക്ക് ഏറെ പങ്കു വഹിക്കാനുണ്ട്. ഉദ്യോഗസ്ഥകളായ സ്ത്രീകൾക്ക് മേറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ ആനുകൂല്യം ലഭിക്കാന്‍ അവകാശമുണ്ടെങ്കിലും സ്ഥാപനങ്ങള്‍ ഈ പരിരക്ഷ നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. പോഷ് ആക്ട് പ്രകാരം സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഇൻ്റേണൽ കമ്മറ്റി സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും രൂപീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. ജില്ലാതല അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ശേഷിക്കുന്ന 41 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ആകെ 70 പരാതികളാണ് പരിഗണിച്ചത്. പാനല്‍ അഭിഭാഷക സജിത അനില്‍, ബിന്ദു മേനോന്‍, ഫാമിലി കൗണ്‍സലര്‍ മാലാ രമണന്‍, വനിതാ സെല്‍ പോലീസ് ഉദ്യോഗസ്ഥ സുജ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.