GeneralTHRISSUR

വാഴാനി ഡാം; അധികജലം പുറത്തേക്ക് ഒഴുക്കും

തൃശൂർ : വാഴാനി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജൂലൈ 26 രാവിലെ 11-ന് സ്പില്‍വേ ഷട്ടറുകള്‍ വഴി അധികജലം പുറത്തേക്ക് ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടു. നാല് ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ വീതമാണ് തുറന്നുവിടുക. നിലവിലെ ജലനിരപ്പ് 60.48 മീറ്ററാണ്. പരമാവധി ജലനിരപ്പ് 62.48 മീറ്ററാണ്. അധികജലം ഒഴുകിവന്ന് വടക്കാഞ്ചേരി പുഴയിലേയും ഇറിഗേഷന്‍ കനാലിലെയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ പുഴയില്‍/ കനാലില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ പൊലീസ് മേധാവിക്ക് (സിറ്റി) നിര്‍ദേശം നല്‍കി. ഡാമില്‍ നിന്നും വെള്ളം പുറത്തേക്കൊഴുകുന്ന ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അലര്‍ട്ടുകള്‍ നല്‍കുന്നുണ്ടെന്ന് ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉറപ്പാക്കണം. വടക്കാഞ്ചേരി, കേച്ചേരി, മുക്കോല പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം. അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ മുന്നറിയിപ്പ് നല്‍കാന്‍ നടപടി സ്വീകരിക്കണം. പാടശേഖരങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെങ്കില്‍ മത്സ്യകൃഷി ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും ബന്ധപ്പെട്ട കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെയും ചുമതലപ്പെടുത്തി. വടക്കാഞ്ചേരി പുഴയിലെ മത്സ്യബന്ധനത്തിന് ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്തും. മേല്‍നോട്ടം വഹിക്കുന്നതിന് തൃശൂര്‍ റനവ്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തി.