തണൽ ഭവന പദ്ധതി രണ്ടാം ഘട്ടം; ഭവനത്തിൻ്റെ താക്കോൽ കൈമാറി
കുന്നുംകുളം: ഹയർ സെക്കൻ്ററി നാഷണൽ സർവീസ് സ്കീം തൃശ്ശൂർ ജില്ലാഘടകം 2024 25 സാമ്പത്തിക വർഷത്തിൽ നിർധനരും, ഭവനരഹിതരുമായ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന തണൽ ഭവനപദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ നൽകുന്ന ജില്ലാ ഘടകത്തിൻ്റെ നാലാമത്തെയും, കുന്നുംകുളം ക്ലസ്റ്ററിൻ്റെ പ്രഥമ വീടിൻ്റെയും താക്കോൽ കൈമാറ്റവും, സാമൂഹിക നീതിവകുപ്പുമായി കൈകോർത്തുകൊണ്ട് ജില്ലാ ഘടകം നടപ്പാക്കുന്ന തനത് പദ്ധതിയായ “ചാരെ”യുടെ ജില്ലാതല ഉദ്ഘാടനവും കുന്നുംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് ബഹു.ഉന്നതവിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു.
ജില്ലയിലെ 117 യൂണിറ്റുകളെ ഏകോപിപ്പിച്ച് നടത്തിയ സ്ക്രാപ്പ് ചാലഞ്ച്,ബിരിയാണി ചാലഞ്ച്,വിവിധ ഉത്പന്ന നിർമാണ വിതരണ ചാലഞ്ചുകൾ മുഖാന്തരവും നിരവധി സുമനസ്സുകളുടെ സഹായ സഹകരങ്ങളിലൂടെ സമാഹരിച്ച വിഭവങ്ങളിലൂടെയാണ് ഭാവനരഹിതർക്കായുള്ള “തണൽ ” ഭവന പദ്ധതി യഥാർത്യമാക്കിയത്.
ജില്ലയിൽ നടപ്പു സാമ്പത്തിക വർഷത്തിൽ വിവിധ സേവന പ്രവർത്തനങ്ങൾക്കായി സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് ചാരെ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നതിൻ്റെ ഭാഗമായി ഡിമെൻഷ്യ സെൻ്ററിലേക്കും,സർക്കാർ നിയന്ത്രണത്തിലുള്ള വിവിധ സെൻ്ററുകളിലേക്കും,സർക്കാർ ഇതര സ്ഥാപനങ്ങളിലേക്കും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകും. നോട്ട്ബുക്ക് ചലെഞ്ചിലൂടെയാണ് വൊളണ്ടിയർമാർ പദ്ധതിക്ക് ആവശ്യമായ തുക സമാഹരിച്ചത്. സമൂഹത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന ഡിമെൻഷ്യ ബാധിതരോട് അർഹിക്കുന്ന പരിചരണവും പരിഗണനയും അനുഭാവപൂർവ്വ സമീപനവും വളർത്താനും,പരിഗണന അർഹിക്കുന്ന മറ്റ് സാമൂഹിക വിഭാഗങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വിദ്യാർത്ഥികളെ സ്വയംപര്യാപ്തരാക്കുന്നതിനും വേണ്ടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.എ സി മൊയ്ദീൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. സ്‌റ്റേറ്റ് എൻ എസ് എസ് ഓഫിസർ ആർ എൻ അൻസർ പദ്ധതി വിശദീകരണം നടത്തി. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീതാരവീന്ദ്രൻ പുന്നയൂർ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി സുരേന്ദ്രൻ, ജേക്കബ് ജോൺ, ദയാപിജി, എം വി പ്രതീഷ്, സൗമ്യ അനിലൻ സെലീന നാസർ,പി എം സുരേഷ്, സജിനി സുരേഷ് സോമശേഖരൻ, റസിയ പി ഐ,ആനന്ദ് കുമാർ, ലിൻ്റോ വടക്കൻ,റസൽ ജി,രേഖ ഇ ആർ,ദേവദാസ് ആർ, സൂര്യ തേജസ്, ശ്രീജിത്ത് ഒ എസ്, സുഭാഷ് മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.