തൃശൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
തൃശൂര്‍: ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം 25 അംഗ എന്‍.ഡി.ആര്.എഫ് സംഘം വടക്കാഞ്ചേരിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സിവില്‍ ഡിവന്‍സ് വോളൻ്റിയര്‍മാരും. കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ദുരന്തനിവാരണ അതോറിറ്റി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിൻ്റെ ഭാഗമായി 25 അംഗ എന്‍.ഡി.ആര്.എഫ് സംഘം എത്തി. വടക്കാഞ്ചേരി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതു കൂടാതെ, 50 അംഗ സിവില്‍ ഡിഫന്‍സ് വൊളൻ്റിയേഴ്സിനെയും തലപ്പിള്ളി, തൃശൂര്‍, ചാലക്കുടി താലൂക്കിലേക്ക് വിന്യസിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യൻ്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ്, എ.ഡി.എം ടി.മുരളി, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വെള്ളക്കെട്ട്, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ സാധ്യത പ്രദേശങ്ങളില്‍ നിന്നുള്ളവരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് കര്‍ശന നിര്‍ദേശം നല്കി. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇന്നും നാളെയും (ജൂലൈ 30, 31) നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചാലക്കുടി മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്‍ അധികൃതരുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് അനുമതി തേടാവുന്നതാണ്.
ആവശ്യത്തിന് പൊലീസ്, ഫയര്‍ഫോഴ്സ് സേനയും വിവിധയിടങ്ങളില്‍ സജ്ജരാണ്. താലൂക്ക്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എല്ലാ ഡെപ്യൂട്ടി കലക്ടര്‍മാരും തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട് ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്കു ഒഴുക്കുന്നുണ്ട്. ഡാം ഷട്ടര്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായുള്ള അതീവ ജാഗ്രതാ സന്ദേശം അതത് പ്രദേശങ്ങളില്‍ അനൗണ്‍സ്മെന്റുകളായി പുറപ്പെടുവിക്കുന്നുണ്ട്.
ജില്ലയില്‍ നിലവില്‍ 6 താലൂക്കുകളിലായി നിലവില്‍ 31 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 299 കുടുംബങ്ങളിലെ 1042 പേരാണുള്ളത്. ഇതില്‍ 410 പുരുഷന്മാരും 465 സ്ത്രീകളും 167 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- 4, മുകുന്ദപുരം- 2, തൃശൂര്‍- 7, തലപ്പിള്ളി – 12, ചാവക്കാട്- 1, കുന്നംക്കുളം – അഞ്ച് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം. ക്യാമ്പുകളില്‍ പ്രവര്‍ത്തനങ്ങള്‍ വില്ലേജ് ഓഫീസര്‍മാരും പഞ്ചായത്ത് സെക്രട്ടറിമാരും സംയുക്തമായി നടപ്പാക്കും. ക്യാമ്പില്‍ കഴിയുന്നവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ആരോഗ്യ വിഭാഗത്തിനും നിര്‍ദേശം നല്കി.