കുന്നംകുളത്ത് ദുരന്തനിവാരണം ഏകോപിപ്പിക്കാന്‍ അടിയന്തിര യോഗം
കുന്നംകുളം: കുന്നംകുളം നിയോജക മണ്ഡലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എംഎല്‍എ എ.സി മൊയ്തീൻ്റെ അധ്യക്ഷതയില്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ അടിയന്തിര യോഗം ചേര്‍ന്നു. മണ്ഡലത്തിലെ ദുരന്തനിവാരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചൊവ്വന്നൂർ ബിഡിഒ വിനീത് കെ എം നെ നോഡൽ ഓഫീസർ ആയി ചുമതലപ്പെടുത്തി. അടിയന്തിര പ്രാധാന്യത്തോടെ തന്നെ ദുരന്തനിവാരണം തദ്ദേശ സ്ഥാപനങ്ങള്‍ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കണമെന്നും ഇതിന് കാലതാമസം വരുത്താന്‍ ഇടവരുതെന്നും എംഎല്‍എ അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വെള്ളക്കെട്ട് ഒഴിവാക്കല്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കല്‍, അപകട ഭീഷണിയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കല്‍ എന്നിവ അടിയന്തിരമായി നടത്തണം.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ താഴെ തലം മുതല്‍ ദുരിതം അനുഭവപ്പെടുന്ന മേഖലകളില്‍ ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കണം. ഇതിൻ്റെ വിലയിരുത്തല്‍ യോഗം എല്ലാ ദിവസവും ചേരണം. പോലീസ്, അഗ്നിശമന സേന വകുപ്പുകളുടെ ഏകോപനവും യോഗത്തില്‍ ഉറപ്പുവരുത്തി. അവശ്യഘട്ടങ്ങളില്‍ ചികിത്സ, മരുന്നുകളുടെ വിതരണം, രോഗീപരിചരണം എന്നിവ ആരോഗ്യ വിഭാഗം നടത്താന്‍ സന്നദ്ധമാണെന്ന് ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. മണ്ണിടിച്ചില്‍ ഭാഗത്തു നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കല്‍, അപകട ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കല്‍ എന്നിവ സമയബന്ധിതമായി തന്നെ നടപ്പാക്കാന്‍ തഹസില്‍ദാര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.ഐ രാജേന്ദ്രന്‍, ടി.ആര്‍ ഷോബി, കെ. രാമകൃഷ്ണന്‍, ഇ.എസ് രേഷ്മ, മീന സാജന്‍, ചിത്ര വിനോബാജി, എസ്. ബസന്ത് ലാല്‍, ഡെപ്യൂട്ടി കളക്ടർ അമൃതവല്ലി, തഹസില്‍ദാര്‍ ഒ.ബി ഹേമ, എസിപി സന്തോഷ് സി ആർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.