വയനാടിനായി തൃശൂര്‍; അഞ്ച് ലോഡ് അവശ്യവസ്തുകളുമായി വാഹനങ്ങള്‍ പുറപ്പെട്ടു
തൃശൂര്‍: വയനാട്ടിലെ പ്രളയക്കെടുതിയില്‍ ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങായി തൃശൂര്‍. അഞ്ച് ലോഡ് അവശ്യവസ്തുകളുമായി പിക്കപ്പ് ട്രക്കറിലും ടെമ്പോ ട്രാവലറിലും ജീപ്പുകളിലുമായി ദുരിതബാധിത പ്രദേശത്തേക്ക് പുറപ്പെട്ടു.
ജില്ലാ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തില്‍ അയ്യന്തോള്‍ കളക്ടറേറ്റിലെ അനക്സ് ഹാളില്‍ ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ എത്തിക്കുന്നതിന് ആയിരങ്ങളാണ് പങ്കുചേര്‍ന്നത്. ചുരുങ്ങിയ സമയത്തില്‍ തന്നെ ഒട്ടേറെ സംഭാവനകള്‍ എത്തിത്തുടങ്ങി.
വ്യക്തികള്‍, സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങി സമൂഹത്തിൻ്റെ വ്യത്യസ്തമേഖലയിലുള്ളവരില് യജ്ഞത്തിൻ്റെ ഭാഗമായി. അവശ്യവസ്തുക്കളുടെ ശേഖരണം താല്‍ക്കാലികമായി നിര്‍ത്തിയതായി ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു. കൂടുതല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും.
അരി, കുടിവെള്ളം, പായ്ക്ക് ചെയ്ത ഭക്ഷ്യസാമഗ്രികള്‍, പുതിയ വസ്ത്രങ്ങള്‍, പുതപ്പുകള്‍, പായകള്‍, തലയണകള്‍, മറ്റ് അനുബന്ധ സാമഗ്രികള്‍, ശുചീകരണ സാധനങ്ങള്‍, സോപ്പ്, സോപ്പ് പൊടി, ബ്ലീച്ചിങ് പൗഡര്‍, ടൂത്ത് പേസ്റ്റ്, ബ്രഷ്, ബിസ്ക്കറ്റ്, റസ്ക്, സാനിറ്ററി നാപ്കിന്, ടവല്‍ തുടങ്ങിയ സാമഗ്രികളാണ് കയറ്റി അയച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ്, ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് തുടങ്ങിയവര്‍ സന്നിഹിതരായി.