KERALAMTHRISSUR

മിഠായി കുട്ടിക്കൂട്ടം 24 മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: സാമൂഹ്യനീതി വകുപ്പ് വനിതാ ശിശുവികസന വകുപ്പിൻ്റെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതി പ്രകാരം കുട്ടികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രത്യേക പരിഗണന നൽകി വരുന്നതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.

ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും ഇൻസുലിൻ പെൻ, കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിങ്ങ് ഡിവൈസ്, ഇൻസുലിൻ പമ്പ്, തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിൽസയും, ഭക്ഷണകാര്യ ഉപദേശങ്ങളും പരിചരണവും നൽകുന്ന പദ്ധതിയാണ് മിഠായി. ആറ് ഘട്ടമായി കുട്ടികൾക്ക് കൗൺസിലിംഗും മാതാപിതാക്കൾക്ക് പരിശീലനവും മറ്റും ഈ പദ്ധതിയിലൂടെ നൽകി വരുന്നു.

മിഠായി പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും സംഗമവും ബോധവത്ക്കരണ പരിപാടികളും
ഉൾപ്പെടുന്ന മിറായി കുട്ടിക്കൂട്ടം 2024 ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ആറ് കുട്ടികൾക്ക് ഇൻസുലിൻ പമ്പ് മന്ത്രി വിതരണം ചെയ്തു. ആറ് ലക്ഷം രൂപ വില വരുന്ന ഇൻസുലിൻപമ്പ് അത്യാധുനികമായ ഇൻസുലിൻ തെറാപ്പിക്ക് ഏറെ സഹായകമാണ്.

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സാമുഹ്യ സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയരക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. അശോകൻ നീലകണ്ഠൻ, ഡോ. അജിത് കുമാർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പ്രദീപൻ എന്നിവർ സംസാരിച്ചു. കേരള സാമുഹ്യ സുരക്ഷാ മിഷൻ അസിസ്റ്റൻ്റ് ഡയറക്ടർ സന്തോഷ് ജേക്കബ് നന്ദി പറഞ്ഞു. തുടർന്ന് ഡോക്ടർമാർ നയിച്ച ബോധവൽക്കരണ ക്ലാസും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.