THRISSUR

നിരോധിത വല ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു

നിരോധിത പെലാജിക് വല ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് കോസ്റ്റൽ പോലീസ് സംഘം പിടിച്ചെടുത്തു.
അഴീക്കോട് ലൈറ്റ് ഹൗസിനു വടക്ക്-പടിഞ്ഞാറു 10 നോട്ടിക്കൽ ഭാഗത്ത് കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം നിരോധിച്ച പെലാജിക് വലകൾ ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തി വരവേയാണ് പ്രത്യേക സംയുക്ത പട്രോളിംഗ് സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. എറണാകുളം പള്ളിപ്പുറം സ്വദേശി പുത്തൻപുരയ്ക്കൽ ഡിക്സന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് എന്ന ബോട്ടാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. പെലാജിക് ട്രോളിങ്ങ് കടലിൻ്റെ മുകൾ ഭാഗം മുതൽ അടിത്തട്ട് വരെ കിലോമീറ്റർ കണക്കിന് നീളമുള്ള വല ഉപയോഗിച്ചുള്ള മത്സ്യബന്ധന രീതീയാണ്. ഇത് മത്സ്യസമ്പത്ത് കുറയാനിടയാക്കും. തീരെ ചെറിയ മീൻ കുഞ്ഞുങ്ങൾ വരെ വളരെ നീളമുള്ള കോഡ് എൻഡ് ഉള്ള വലയിൽ കുരുങ്ങുകയും മത്സ്യ സമ്പത്ത് നശിക്കുകയും കടലിന്റെ ആവാസവ്യവസ്ഥ തന്നെ തകരുകയും ചെയ്യുന്നു. കൂടാതെ പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് മത്സ്യലഭ്യത കുറയാനും ഇടയാക്കും. ഈ കാര്യങ്ങൾ കണക്കിലെടുത്ത്
നിരോധിത വലകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനവും പെയർ ട്രോളിങ്ങും കരവലിയും സംസ്ഥാന സർക്കാർ നിയമം മൂലം നിരോധിച്ച രീതികളാണ്.
പിടിച്ചെടുത്ത ബോട്ടിന് എതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 (കെ എം എഫ് റെഗുലേഷൻ ആക്ട് 1980) പ്രകാരം കേസെടുത്ത് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. നിയമനടപടികൾ പൂർത്തിയാക്കി പിഴയിനത്തിൽ 2.5 ലക്ഷം രൂപ ബോട്ട് ഉടമക്ക് പിഴ ചുമത്തി. ബോട്ടിലെ മത്സ്യം ലേലം ചെയ്ത വകയിൽ ലഭിച്ച 50225/- രൂപ ട്രഷറിയിൽ അടച്ചു.
സംയുക്ത പരിശോധന സംഘത്തിൽ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം. എഫ് പോൾ, കോസ്റ്റൽ പോലീസ് സി ഐ അനൂപ് എൻ, എഫ്. ഇ. ഒ സുമിത, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആൻ്റ് വിജിലൻസ് വിങ്ങ് ഉദ്യേഗസ്ഥരായ വി എൻ പ്രശാന്ത് കുമാർ, വി എം ഷൈബു, ഇ ആർ ഷിനിൽകുമാർ, കോസ്റ്റൽ പോലീസ് എസ് ഐ ബിജു ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. സീറെസ്ക്യൂ ഗാർഡ്മാരായ ഹുസൈൻ, വിജീഷ്, പ്രമോദ്, പ്രസാദ്, അൻസാർ, സ്രാങ്ക് ദേവസ്സി മുനമ്പം, എൻജിൻ ഡ്രൈവർ റോക്കി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമായി തുടരുമെന്നും കടലിൽ നിരന്തരം പട്രോളിങ്ങും ഉണ്ടാകുമെന്ന് തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരി അറിയിച്ചു.