THRISSUR

തൃശൂര്‍ വ്യവസായ പ്രദര്‍ശന വിപണനമേളയ്ക്ക് തുടക്കമായി

തൃശൂര്‍: ഓണത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ സംഘടിപ്പിച്ച വ്യവസായ പ്രദര്‍ശന വിപണനമേള ‘ടിന്‍ഡെക്‌സ്’ പി. ബാലചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സെക്ടറുകളില്‍ നിന്നുള്ള 60 എം.എസ്.എം.ഇ യൂണിറ്റുകള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഭക്ഷ്യോത്പന്നങ്ങള്‍, ഗാര്‍മെന്റ്‌സ്, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഹാന്റി ക്രാഫ്റ്റ്‌സ്, പോട്ടറി ഉത്പന്നങ്ങള്‍, മുള കൊണ്ടുള്ള ഉത്പ്പന്നങ്ങള്‍ എന്നിവ സംരംഭകരില്‍ നിന്ന് നേരിട്ട് മിതമായ വിലയ്ക്ക് മേളയില്‍ വാങ്ങാം. സെപ്തംബര്‍ 13ന് മേള അവസാനിക്കും. സംരംഭകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി ജില്ലാ വ്യവസായ കന്ദ്രത്തിന്റെ ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ എസ് ഷീബ അധ്യക്ഷയായി. ജില്ലാ വ്യവസായ കന്ദ്രം മാനേജര്‍ ആര്‍ സ്മിത, ഉപജില്ലാ വ്യവസായ ഓഫീസര്‍മാര്‍, വ്യവസായ വികസന ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാത്രി 8.30 വരെയാണ് വിപണന മേളയുടെ സമയം. പ്രവേശനം സൗജന്യം.