ഒടുവില്‍ സ്ഥിരീകരിച്ച് ലാബ് റിപ്പോര്‍ട്ട്; തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവില്‍ മീന്‍ എണ്ണയും മൃഗക്കൊഴുപ്പും
ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ ഭക്തർക്ക് നൽകുന്ന ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീന്‍ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോര്‍ട്ട്. ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യിലാണ് മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുള്ളത്. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിലെ സെന്റര്‍ ഓഫ് അനാലിസിസ് ആന്‍ഡ് ലേണിംഗ് ഇന്‍ ലൈവ്സ്റ്റോക്ക് ആന്‍ഡ് ഫുഡ് (CALF) ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് തിരുപ്പതി ക്ഷേത്രത്തിൽ ലഡ്ഡു നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന നെയ്യ് സാമ്പിളുകളിൽ പാമോയിൽ, മത്സ്യ എണ്ണ, ബീഫ് ടാലോ, പന്നിക്കൊഴുപ്പ് എന്നിവയുൾപ്പെടെയുള്ള കൊഴുപ്പുകൾ അടങ്ങിയിട്ടുള്ളതായി കണ്ടെത്തി എന്ന് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നത്. ലഡ്ഡു ഉണ്ടാക്കുന്നതിൽ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു.