KERALAMTHRISSUR

സംസ്ഥാനത്ത് 26 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ കൂടി;മന്ത്രി കെ.രാജന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു

ഒല്ലൂര്‍ : കേരളത്തിലെ 71 മേഖലകളില്‍ 25 സെന്റ് വരെ സൗജന്യ ഭൂമി തരം മാറ്റത്തിന് അര്‍ഹരായ മുഴുവന്‍ പേരുടെയും കേസെടുത്ത് ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തിലൂടെ തരം മാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. ഒല്ലൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 26 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഈ സര്‍ക്കാര്‍ മൂന്നുവര്‍ഷക്കാലം പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ 180877 പട്ടയങ്ങളാണ് നല്‍കിയത്. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. പൊതുജനങ്ങള്‍ക്ക് സേവനം സമയബന്ധിതമായും സങ്കീര്‍ണതകളില്ലാതെ ലഭ്യമാക്കുന്നതിന് വിവിധ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഒല്ലൂര്‍ മുമ്പ് പഞ്ചായത്തായിരുന്നപ്പോള്‍ പണം നല്‍കി വാങ്ങിയ പ്രദേശം പിന്നീട് കോര്‍പ്പറേഷന്‍ ആയപ്പോള്‍ ചട്ടങ്ങളില്‍ ഉണ്ടായ പ്രയാസങ്ങള്‍ കാരണം പട്ടയം ലഭിക്കാതെ പോയവര്‍ക്ക് ഒക്ടോബറില്‍ പട്ടയം നല്‍കും. പ്രവാസികളായ മലയാളികള്‍ തങ്ങളുടെ ഭൂമിക്ക് നികുതി അടയ്ക്കാന്‍ പറ്റാത്ത പ്രശ്‌നം ഉന്നയിച്ചിരുന്നു. നൂറുദിന കര്‍മ്മ പരിപാടിയോട് അനുബന്ധിച്ച് ഒക്ടോബര്‍ 20ന് ഇന്ത്യയ്ക്ക് പുറത്തുള്ള 10 രാജ്യങ്ങളിലെ മലയാളി പ്രവാസികള്‍ക്ക് അവിടിരുന്ന് തന്നെ തണ്ടപേരുള്ള ഭൂമിക്ക് അതത് മാസം നികുതി അടയ്ക്കാനുള്ള സംവിധാനം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ആപ്ലിക്കേഷന്‍ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി.

കോളനികള്‍ എന്നറിയപ്പെട്ടിരുന്ന വിവിധ ഉന്നതികളിലെ ഉടമസ്ഥാവകാശം രേഖപ്പെടുത്താന്‍ കഴിയാത്ത 30,000 പേരേ 2025ന് മുന്‍പ് മുമ്പ് ഭൂമിയുടെ അവകാശികള്‍ ആക്കുന്നതിന് നിയമനിര്‍മാണം നടത്തുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. കൂടാതെ റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വേ വകുപ്പുകളുടെ പോര്‍ട്ടലുകളെ ഏകീകരിച്ച് ‘എന്റെ ഭൂമി’ സംയോജിത ഡിജിറ്റല്‍ പോര്‍ട്ടല്‍ ഒക്ടോബറില്‍ യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. കുട്ടനെല്ലൂരില്‍ നിര്‍ദ്ദിഷ്ട ഒല്ലൂര്‍ വില്ലേജ് കെട്ടിട നിര്‍മാണ ഭൂമിയില്‍ നടന്ന പരിപാടിയില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സബ് കലക്ടര്‍ അഖില്‍ വി മേനോന്‍, കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷനായ വര്‍ഗീസ് കണ്ടംകുളത്തി, കരോളിന്‍ ജെറീഷ് പെരിഞ്ചേരി, വാര്‍ഡ് കൗണ്‍സിലര്‍ നീതു ദിലീഷ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.