EDUCATIONKERALAMTHRISSUR

പരിഷ്‌കരിച്ച സിലബസ് ബാച്ചുകളുടെയും പുതിയ എന്‍ജിനീയറിങ് കോഴ്സുകളുടെയും ഉദ്ഘാടനം 24ന്

തൃശൂര്‍: 2024-25 അധ്യയനവര്‍ഷം മുതല്‍ ആരംഭിക്കുന്ന പരിഷ്‌കരിച്ച എ.പി.ജെ.എ.കെ.ടി.യു സിലബസ് ബാച്ചുകളുടെയും പുതുതലമുറ എന്‍ജിനീയറിങ് കോഴ്സുകളുടെയും ഉദ്ഘാടനം സെപ്തംബര്‍ 24ന് രാവിലെ 10.30ന് തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് മില്ലേനിയം ഓഡിറ്റോറിയത്തില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാവും. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ എന്‍. എ ഗോപകുമാര്‍, ഐ. സതീഷ്‌കുമാര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. പി.ആര്‍ ഷാലിജ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുതുതലമുറ കോഴ്സുകളായ സൈബര്‍ ഫിസിക്കല്‍ സിസ്റ്റംസ് (ബി ടെക്), റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ (എം ടെക്), എഞ്ചിനീയറിങ് സിസ്റ്റംസ് ഡിസൈന്‍ (എം ടെക്) എന്നിവയും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലും കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലും ഓരോ അഡീഷണല്‍ ബി ടെക് ബാച്ച് കൂടിയാണ് ആരംഭിക്കുക. വിദ്യാര്‍ഥികളുടെ നൈപുണ്യവികസനത്തിനും കൂടുതല്‍ ജോലി സാധ്യതകള്‍ക്ക് ഉതകുന്ന രീതിയില്‍ ഇന്റേണ്‍ഷിപ്പ്, ഇന്ററസ്ട്രി ലിങ്ക്ഡ് എലക്ടീവ്, പ്രോജക്ട് ബേസ്ഡ് ലേണിങ്ങ് എന്നീ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കാലാനുസൃതമായി പരിഷ്‌കരിച്ച എ.പി.ജെ.എ.കെ.ടി.യു സിലബസാണ് നടപ്പാക്കുന്നത്.