KERALAMTHRISSUR

വാഴാനി ഡാമില്‍ നിന്നും കൃഷിക്കാവശ്യമായ ജലം വിതരണം ചെയ്യും

വടക്കാഞ്ചേരി: മുണ്ടകന്‍ കൃഷിക്കാവശ്യമായ ജലം വാഴാനി ഡാമില്‍ നിന്നും വിതരണം ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിറക്കി. വാഴാനി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഉപദേശക സമിതി യോഗത്തിനുശേഷമാണ് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. വാഴാനി ഡാമില്‍ നിന്നും 2024 ലെ മുണ്ടകന്‍ കൃഷിക്കായി കര്‍ഷകരുടെ ആവശ്യപ്രകാരം നാല് ഘട്ടങ്ങളിലായി ജല വിതരണം നടത്തും. ഒന്നാം ഘട്ടം ഒക്ടാബര്‍ 10 വരെയും രണ്ടാം ഘട്ടം ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 5 വരെയും മൂന്നാം ഘട്ടം നവംബര്‍ 15 മുതല്‍ നവംബര്‍ 27 വരെയും അവസാനഘട്ടം ഡിസംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയുമായി ജലവിതരണം നടത്തും. വാഴാനി ഡാമില്‍ നിന്നും വെള്ളം പുറത്തേക്കൊഴുക്കുന്നതുമൂലം അധികജലം ഒഴുകിവന്ന് വടക്കാഞ്ചേരി, കേച്ചേരി, മുക്കോല പുഴകളിലെയും ഇറിഗേഷന്‍ കനാലിലെയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയിലോ കനാലിലോ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പാടശേഖരങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെങ്കില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.