KERALAMTHRISSUR

കുടിവെള്ള പദ്ധതികൾ ഉയർന്ന മുൻഗണന നൽകി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി

തൃശ്ശൂർ: കുുടിവെള്ള പദ്ധതികൾ ഉയർന്ന മുൻഗണന നൽകി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതിയിൽ ജനപ്രതിനിധികൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. റോഡുകൾ സഞ്ചാര യോഗ്യമാക്കുുന്നതിനും തൊട്ടടുത്ത പരിഗണന നൽകണം. ദേശീയപാത നിർമ്മാണം, സ്കൂൾ കെട്ടിട നിർമ്മാണം, സുനാമി കോളനികളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കൽ, സർക്കാർ മന്ദിരങ്ങളിലെ ഒഴിഞ്ഞുകുടക്കുന്ന സ്ഥലങ്ങൾ സ്വന്തമായി സ്ഥലമില്ലാത്ത ഓഫീസുകൾക്ക് അനുവദിക്കൽ, കുന്നംകുളത്ത് എക്സൈസ് വകുപ്പിന് റവന്യു വകുപ്പിൻറെ സ്ഥലം അനുവദിക്കുന്നതുൾപ്പെടെ 76 വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽ ചർച്ച ചെയ്തു. എംഎൽഎ, ഫണ്ട്, എം പി ഫണ്ട് പദ്ധതികളുടെ പ്രവർത്തന പുരോഗതി വികസന സമിതി പരിശോധിച്ചു. ജില്ലാ കലക്ടർ അർജുൻ പണ്ഡ്യൻ, മന്ത്രി ആർ. ബിന്ദു, എംഎൽഎ മാരായ എൻ. കെ. അക്ബർ, സി. സി. മുകുന്ദൻ, ഇ. ടി. ടൈസൺ മാസ്റ്റർ, കെ. കെ. രാമചന്ദ്രൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി രഘുനാഥ് സി. മേനോൻ, എഡിഎം ടി. മുരളി, സബ് കലക്ടർ അഖിൽ വി. മേനോൻ, ജില്ലാ പ്ലാനിങ് ഓഫീസർ ടി. ആർ. മായ തുടങ്ങിയവർ നേതൃത്വം നൽകി. ആർദ്രം, ജലജീവൻ മിഷൻ, ലൈഫ് മിഷൻ, വിദ്യാകിരണം, ടേക്ക് എ ബ്രേക്ക്, നവകേരളം എന്നീ പദ്ധതികളുടെ പ്രവർത്തന പുരോഗതി പ്രി-ഡിഡിസിയിൽ നിർവ്വഹണഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമാണ് ജില്ലാ വികസന സമിതി (ഡിഡിസി) ആരംഭിച്ചത്. തുടർന്നു വരുന്ന ജില്ലാ വികസന സമിതി യോഗങ്ങൾക്കു മുൻപും പ്രിഡിഡിസി ചേരുമെന്നും നിർവ്വഹണ ഉദ്യോഗസ്ഥർ ജില്ലയുടെ മൊത്തം പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരവും ഏതെങ്കിലും പദ്ധതികൾക്ക് ഏന്തെങ്കിലും വിധത്തിലുള്ള തടസ്സം നേരിടുന്നുണ്ടെങ്കിൽ അക്കാര്യം വിശദമായും യോഗത്തിൽ അവതിരപ്പിക്കണമെന്ന് ജില്ലാ കലക്ടർ ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു.