നാട്ടിക എസ് എൻ കോളേജിൽ നാലു തലമുറയിലെ അധ്യാപക സംഗമം
നാട്ടിക: നാട്ടിക ശ്രീനാരായണ കോളേജിലെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റിൽ 1967 മുതലുള്ള നാല് തലമുറകളിലെ അധ്യാപകരുടെ സംഗമം നടന്നു. 1967-ൽ കോളേജ് സ്ഥാപിതമായപ്പോൾ അധ്യാപകരായി ചേർന്ന ജലജ ടീച്ചർ കൃഷ്ണൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അധ്യാപകർ കോളേജ് കാല ഓർമകളും അനുഭവങ്ങളും പങ്കുവെച്ചു. “ജീവിതത്തിലെ ഏറ്റവും വസന്തകാലം, കോളേജിൽ ജോലി ചെയ്ത കാലമായിരുന്നു. എന്നും ഇന്നും സ്വപ്നങ്ങളിൽ നിറയുന്നത് വിദ്യാർത്ഥികൾ ഒത്തുള്ള ആ കാലം തന്നെയാണെന്നും ,” എന്ന മുൻ അധ്യാപകരുടെ വാക്കുകൾ പുതിയ അധ്യാപകർ സന്തോഷത്തോടെയാണ് ശ്രവിച്ചത്. സ്വന്തം വീട്ടുപണി നോക്കാൻ വരുന്ന അതേ സമർപ്പണത്തോടെയാണ് അവർ കെമിസ്ട്രി ലാബ് പണിയുമ്പോൾ പരിശോധിക്കാൻ വന്നിരുന്നതെന്നുമുള്ള ഓർമ്മകൾ അധ്യാപകർ പങ്കുവെച്ചു.
സമൂഹത്തിന്റെയും കോളേജിന്റെയും വളർച്ചയിൽ ഈ അധ്യാപകരുടെ സംഭാവനകൾ മഹത്തായതാണെന്ന് അധ്യക്ഷത വഹിച്ച പ്രിൻസിപ്പൽ ഡോ. പി എസ് ജയ പറഞ്ഞു. സംഗമത്തിൽ മുൻ അധ്യാപകരായ പ്രൊഫ. ശശിധരൻ, പ്രൊഫ. ഔസേപ്പ്, പ്രൊഫ. ജയലാൽ, ഡോ. സബിത, ഡോ. അജിത, ഡോ. രമ, ഡോ. കല, പ്രൊഫ. ആശ അനിൽ, പ്രൊഫ. സുധ, പ്രൊഫ. ശോഭ, പ്രൊഫ. പുഷ്പ തുടങ്ങിയവർ പങ്കെടുത്തു.
ഈ നാല് തലമുറകളുടെ സ്‌നേഹവും ആദരവും ഒരേ വേളയിൽ പങ്കുവെച്ച ഈ സംഗമം, എല്ലാവരുടെയും മനസ്സിൽ ദീർഘകാലം നിലനിൽക്കുന്ന ഓർമ്മയായിരിക്കും.