താലൂക്ക്തല പട്ടയമേളകള്‍ മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്തു
തൃശ്ശൂര്‍ : എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സംസ്ഥാന സര്‍ക്കാരിന്റെ കര്‍മ്മ പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ നടത്തപ്പെടുന്ന പട്ടയ മേളയുടെ ഭാഗമായി ജില്ലയില്‍ 2147 പട്ടയങ്ങളും 24 വനാവകാശരേഖകളും വിതരണം ചെയ്തു. തൃശ്ശൂര്‍, ചാവക്കാട്, മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നീ താലൂക്കുകളില്‍ നടത്തിയ പട്ടയമേള റവന്യു വകുപ്പുമന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു.
തൃശ്ശൂര്‍ കെ. കരുണാകരന് സ്മാരക ടൗണ്‍ഹാളില്‍ നടത്തിയ പട്ടയമേളയില്‍ തൃശ്ശൂര്‍ താലൂക്കിലെ 425 ലാന്‍ഡ് ട്രൈബ്യൂണല്‍ (ദേവസ്വം) പട്ടയങ്ങളും, 580 ലാന്‍ഡ് ട്രൈബൂണല്‍ പട്ടയങ്ങളും, 5 പുറമ്പോക്ക് പട്ടയങ്ങളും, 71 വനഭൂമി പട്ടയങ്ങളും വിതരണം ചെയ്തു. ചാവക്കാട് താലൂക്കിലെ 65 ലാന്‍ഡ് ട്രൈബ്യൂണല്‍ (ദേവസ്വം) പട്ടയങ്ങളും, 68 ലാന്‍ഡ് ട്രൈബൂണല്‍ പട്ടയങ്ങളും, 5 സുനാമി പട്ടയങ്ങളും, 14 കോളനി പട്ടയങ്ങളും, ഒരു മിച്ചഭൂമി പട്ടയവും വിതരണം ചെയ്തു. പട്ടയമേളയില്‍ പി. ബാലചന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ എന്‍.കെ അക്ബര്‍, സി.സി മുകുന്ദന്, സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, സബ്കളക്ടര്‍ അഖില്‍ വി മോനോന്, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന മുകുന്ദപുരം താലൂക്ക്തല പട്ടയമേളയില്‍ 282 പട്ടയങ്ങള്‍ വിതരണം ചെയ്തു. 104 ലാന്‍ഡ് ട്രൈബ്യൂണല്‍ (ദേവസ്വം) പട്ടയങ്ങളും, 170 ലാന്‍ഡ് ട്രൈബൂണല്‍ പട്ടയങ്ങളും, മറ്റിനത്തിലുള്ള 8 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.
ഇരിങ്ങാലക്കുട നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന മുകുന്ദപുരം താലൂക്ക്തല പട്ടയമേളയില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി ചുരുങ്ങിയ കാലയളവില്‍ തന്നെ സംസ്ഥാനത്ത് 1,77,000 ത്തിലധികവും തൃശ്ശൂര്‍ ജില്ലയില്‍ പതിനായിരത്തോളം പട്ടയങ്ങളും വിതരണം ചെയ്യാന്‍ സാധിച്ചതായി റവന്യൂ വകുപ്പു മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള വേളൂക്കര വില്ലേജിലെ 43 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിന് പട്ടികജാതി വികസന വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഉറപ്പുനല്‍കി. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് സ്വാഗതവും തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ആശംസയും, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഡോ. എം.സി. റെജില്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻ്റുമാർ, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഇരിങ്ങാലക്കുട പൗരാവലി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ചാലക്കുടി രാജീവ് ഗാന്ധി ടൗണ്‍ഹാളില്‍ നടത്തിയ ചാലക്കുടി, കൊടുങ്ങല്ലൂര്‍ താലൂക്ക്തല പട്ടയമേളയില്‍ ചാലക്കുടി താലൂക്കിലെ 162 ലാന്‍ഡ് ട്രൈബ്യൂണല്‍ (ദേവസ്വം) പട്ടയങ്ങളും, 296 ലാന്‍ഡ് ട്രൈബൂണല്‍ പട്ടയങ്ങളും, 24 വനാവകാശ രേഖകളും, 24 മറ്റിനത്തിലുള്ള പട്ടയങ്ങളും വിതരണം ചെയ്തു.
കൊടുങ്ങല്ലൂര്‍ താലൂക്കിലെ 30 ലാന്‍ഡ് ട്രൈബ്യൂണല്‍ (ദേവസ്വം) പട്ടയങ്ങളും, 104 ലാന്‍ഡ് ട്രൈബൂണല്‍ പട്ടയങ്ങളും, 15 സുനാമി പട്ടയങ്ങളും വിതരണം ചെയ്തു. പട്ടയമേളയില്‍ ഇ.ടി ടൈസന് മാസ്റ്റര്‍ എം.എല്‍.എ, ചാലക്കുടി മുനിസിപ്പല്‍ ചെയര്മാന് എബി ജോര്‍ജ്ജ്, കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.കെ ഗീത, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഡോ. എം.സി. റെജില്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.