അപ്രതീക്ഷിത അതിഥികളായി അംഗൻവാടിയിൽ വനിതാ കമ്മീഷനംഗങ്ങൾ
എറിയാട്: ആകെയുള്ള ആറ് പേരിൽ മൂന്ന് പേർ വരാത്തതിന്റെ സങ്കടത്തിൽ ആയിരുന്നു ആ കുരുന്നുകൾ… അപ്പോഴാണ് വനിതാ കമ്മീഷൻ അംഗങ്ങൾ ആ അംഗൻവാടിയിലേക്ക് കടന്നുവരുന്നത്. ആദ്യം ഒന്ന് പരിഭവിച്ചെങ്കിലും കുട്ടികൾ പെട്ടെന്ന് തന്നെ സങ്കടം മറന്നു. പിന്നെ കളിയായി… ചിരിയായി… തൃശ്ശൂർ എറിയാട് ഗ്രാമപഞ്ചായത്തിൽ കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പിന്റെ ഭാഗമായ തീരദേശ ഗൃഹ സന്ദർശനത്തിനിടെയാണ് വനിതാ കമ്മീഷൻ അംഗങ്ങൾ എറിയാട് മതിലകം ബ്ലോക്കിലെ ഒന്നാം നമ്പർ വാർഡ് അംഗണവാടിയിലേക്ക് കടന്നുചെന്നത്. കുഞ്ഞുങ്ങൾ ഏറെയുണ്ടായിരുന്ന അംഗണവാടിയായിരുന്നു ഇത്. തുടർച്ചയായ കടലാക്രമണത്തെ തുടർന്ന് പല കുടുംബങ്ങളും സർക്കാരിൻ്റെ പുനർഗേഹം പദ്ധതിയിലൂടെ മറ്റിടങ്ങളിലേക്ക് താമസം മാറിയതോടെയാണ് കുട്ടികൾ കുറഞ്ഞത്. അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി, അഡ്വ. കുഞ്ഞായിഷ എന്നിവരാണ് കുഞ്ഞുങ്ങളെ കാണാൻ എത്തിയത്. അവരോട് കുശലം പറഞ്ഞ വനിത കമ്മീഷനങ്ങൾ അങ്കണവാടിയിലെ സൗകര്യങ്ങൾ ജീവനക്കാരോട് ചോദിച്ചറിയുകയും ചെയ്തു. വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ ഒപ്പമുണ്ടായിരുന്നു.