EDUCATIONTHRISSUR

പീച്ചി ഗവ ഐ ടി ഐ പ്രവര്‍ത്തനം ആരംഭിച്ചു

ഒല്ലൂര്‍: ഒല്ലൂര്‍ മണ്ഡലത്തിൽ പുതുതായി അനുവദിച്ച പീച്ചി ഗവ. ഐടിഐ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നവംബർ 1 മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സ്ഥലം എം എൽയും റവന്യൂ മന്ത്രിയുമായ കെ. രാജൻ അറിയിച്ചു.


പാണഞ്ചേരി പഞ്ചായത്തിലെ വിലങ്ങന്നൂരില്‍ എസ് എൻ ഡി പി മന്ദിരത്തിലെ താത്കാലിക കെട്ടിടത്തിലാണ് പുതിയതായി തുടങ്ങുന്ന ഐടിഐ പ്രവര്‍ത്തനമാരംഭിച്ചത്. ഐ ടി ഐക്ക് പീച്ചിയിൽ തന്നെ സ്വന്തമായി 5 ഏക്കർ ഭൂമി കണ്ടെത്തുന്നതിന് നടപടികൾ ആരംഭിച്ചു. ഭൂമി ലഭിച്ചു കഴിഞ്ഞാൽ ആധുനിക നിലവാരത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഹോസ്റ്റൽ സൗകര്യത്തോടെയായിരിക്കും പുതിയ കെട്ടിടം നിർമ്മിക്കുക. 4 കോഴ്സുകളാണ് പീച്ചി ഐ ടി ഐക്ക് അനുവദിച്ചിട്ടുള്ളത്. അതിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ എന്നീ കോഴ്സുകളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. പുതിയ കെട്ടിടം നിർമ്മിച്ചതിനു ശേഷം ബാക്കി കോഴ്സുകളും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

വിലക്കുന്നൂരിൽ നിന്ന് നൂറു കണക്കിനാളുകൾ പങ്കെടുത്ത വർണ്ണശബളമായ ഘോഷയാത്രയോടെയാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്. ഉദ്ഘാടന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിങ് മിനി മാത്യു എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. ചടങ്ങിന് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി, വൈസ് പ്രസിഡണ്ട് ഫ്രാൻസിന ഷാജു, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, ഐടിഐ സ്പെഷ്യൽ ഓഫീസർ രാജേഷ് വി. ചന്ദ്രൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.