വികസന പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഒല്ലൂർ നിയോജകമണ്ഡലം മാറി മന്ത്രി മുഹമ്മദ്‌റിയാസ്
പൂച്ചട്ടി: വികസന പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഒല്ലൂർ നിയോജക മണ്ഡലം മാറിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിൽ ആദ്യമായി ജർമ്മൻ സാങ്കേതികവിദ്യയായ എഫ്ഡിആർ ടെക്നോളജി ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഒല്ലൂരിൽ നടന്ന വികസന പ്രവർത്തനങ്ങൾ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൂച്ചട്ടി സെൻ്ററിലും, തേറമ്പം ഗ്രൗണ്ടിലും നടന്ന ചടങ്ങുകളിൽ രണ്ട് റോഡുകളുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. റവന്യൂ മന്ത്രി കെ. രാജൻ ചടങ്ങുകളിൽ അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ രവി മുഖ്യാതിഥിയായി. പാണഞ്ചേരി – നടത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടത്തറ മൂർക്കനിക്കര – കണ്ണാറ റോഡും, പീച്ചി-വാഴാനി ടൂറിസം കോറിഡോറിൻ്റെ ഭാഗമായുള്ള പാണഞ്ചേരി – മാടക്കത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുടിക്കോട് മുതൽ പൊങ്ങണം കാട് വരെയുള്ള റോഡുമാണ് ഫുള്‍ ഡെപ്ത് റെക്ലമേഷന്‍ (എഫ് ഡി ആര്‍) എന്ന ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനർനിർമ്മിക്കുന്നത്. മണ്ഡലത്തിലെ എം എൽ എ കൂടിയായ റവന്യൂ മന്ത്രി കെ. രാജൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരള റോഡ് ഫണ്ട് ബോർഡാണ് 40.10 കോടി രൂപ ചിലവിൽ റോഡുകൾ ജർമ്മൻ ടെക്നോളജിയിൽ നിർമ്മിക്കുന്നത്.
നടത്തറ – മൂര്‍ക്കനിക്കര – കണ്ണാറ റോഡ് 11.636 കി.മീറ്ററും, മുടിക്കോട് മുതല്‍ പൊങ്ങണംകാട് വരെയുള്ള 7 കി.മീറ്റര്‍ റോഡുമാണ് എഫ് ഡി ആറില്‍ പുനര്‍ നിര്‍മ്മിക്കുന്നത്. ഏറ്റവും ഉന്നത നിലവാരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനമാണ് എഫ് ഡി ആറിലൂടെ നടക്കുക. ഏറെ കാലം ഈട് നില്‍ക്കുകയും ചെലവ് കുറവുമാണെന്ന പ്രത്യേകതയും ഈ റോഡുകള്‍ക്കുണ്ട്. പഴയ റോഡ് ഇളക്കി മറിച്ചെടുത്ത് പുതിയ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ. ഏറ്റവും ഹരിത സൗഹൃദവും ചെലവു കുറഞ്ഞതുമായ നിര്‍മ്മാണ രീതിയാണിത്. മറ്റു റോഡുകളേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നതും എഫ് ഡി ആര്‍ സാങ്കേതിക വിദ്യയുടെ മേന്‍മയാണ്. നിലവിലെ റോഡ് യന്ത്ര സഹായത്തോടെ പൊളിച്ചു തരികളാക്കി സിമന്‍റും ചുണ്ണാമ്പുകല്ലും കാല്‍സ്യം ക്ലോറൈഡ് അടക്കമുള്ള രാസപദാര്‍ത്ഥങ്ങളും കലര്‍ത്തി മിശ്രിതമാക്കിയാണ് പുതിയ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. മെറ്റല്‍, രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതം എന്നിവയുടെ നാല് അടുക്കുകളായിട്ടാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡ് നിര്‍മ്മാണത്തില്‍ ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങളും ഭീമമായ ചെലവും കുറക്കാനും ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കും.
പൂച്ചട്ടി സെൻ്ററിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യ രാജേഷ് സ്വാഗതം പറഞ്ഞു. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി രവിന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ പി.ആർ രജിത് (നടത്തറ), സാവിത്രി സദാനന്ദൻ (പാണഞ്ചേരി) തുടങ്ങിയവർ പങ്കെടുത്തു. തേറമ്പം ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര മോഹൻ സ്വാഗതം പറഞ്ഞു. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി രവീന്ദ്രൻ, ജില്ലാപഞ്ചായത്ത് അംഗം പി.എസ് വിനയൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ സണ്ണി ചെന്നിക്കര (മാടക്കത്തറ), സാവിത്രി സദാനന്ദൻ (പാണഞ്ചേരി), ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രണ്ടു യോഗങ്ങളിലും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ.ഐ സജിത്ത് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.