KUWAITMIDDLE EAST

‘തെസ്‌പിയൻ ആൽക്കമി’ – കുവൈറ്റിൽ ഡോ: മേതിൽ ദേവികയുടെ ആക്ടിങ് വർക്ക്ഷോപ്പ്

കുവൈറ്റ് : ഫ്യൂച്ചർ ഐ തീയേറ്ററും ഫ്യൂച്ചർ ഐ ഫിലിം ക്ലബും ചേർന്ന് “ദി തെസ്‌പിയൻ ആൽക്കമി” എന്ന പേരിൽ അഭിനയ കളരി സംഘടിപ്പിച്ചു. പ്രശസ്ത നർത്തകിയും സിനിമാ താരവും ആയ ഡോ : മേതിൽ ദേവിക ആണ് വർക്ക് ഷോപ്പ് നയിച്ചത്.
അഭിനയത്തിൽ ശാരീരിക ചലനങ്ങളുടെ സൂക്ഷമ ഭാവം, ആംഗികവും വാചികവുമായ പ്രകടന രീതികൾ, മുദ്രകളുടെ ഉപയോഗം , കണ്ണുകളുടെ സംവേദനം തുടങ്ങിയ മേഖലകളിൽ തനിക്കുള്ള അറിവ് അവർ ക്യാമ്പ് അംഗങ്ങൾക്കായി പങ്കു വെച്ചു.
കുവൈറ്റിലെ കേളി വാദ്യ കലാ പീഠത്തിൽ നിന്നുള്ള ശ്രീരാഗ് മാരാരും , ശ്രീനാഥ് മാരാരും താള വാദ്യത്തിന്റെ അകമ്പടിയുമായി മേതിൽ ദേവികയുടെ കൂടെ പങ്കെടുത്തു. പാശ്ചാത്യ നാടക സങ്കേതത്തിൽ നിന്നും വ്യത്യസ്തമായി , തികച്ചും ഇന്ത്യൻ ക്ലാസിക്കൽ തീയേറ്ററിന്റെ പ്രായോഗിക വശങ്ങൾ ആണ് ഇത്തവണ ആക്ടിങ് വർക്ഷോപ്പിൽ ഉൾപ്പെടുത്തിയത് എന്ന് ഫ്യൂച്ചർ ഐ ഭാരവാഹികൾ അറിയിച്ചു.
അഭിനയത്തിലും നൃത്തത്തിലും താല്പര്യമുള്ള നിരവധി കലാ പ്രേമികൾ പരിപാടിയിൽ പങ്കെടുത്തു. മലയാളികൾക്ക് പുറമെ നോർത്ത് ഇന്ത്യക്കാരും, കുവൈറ്റി കലാ പ്രേമികളും അഭിനയ കളരിയിൽ പങ്കെടുത്തു.
നൃത്തവും , നാടകവും, സംഗീതവും ചേർന്ന്, ചെണ്ട, ഇടക്ക, മദ്ദളം, ചേങ്ങില , ഇലത്താളം, തുടങ്ങിയ താള വാദ്യങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചപ്പോൾ അതൊരു നവ്യാനുഭവം ആയതായി തെസ്പിയൻ ആൽക്കെമി ക്യാമ്പ് ഡയറക്ടർ ഷമേജ് കുമാർ അഭിപ്രായപ്പെട്ടു.