THRISSUR

വാടാനപ്പള്ളി കടല്‍ക്ഷോഭം: ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി

*കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ കള്ളക്കടല്‍ പ്രതിഭാസം രൂക്ഷമായ സാഹചര്യത്തില്‍ തീരശോഷണവും നാശനഷ്ടങ്ങളും പരിശോധിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം സന്ദര്‍ശനം നടത്തി. ഇതിന്റെ തുടര്‍ച്ചയായി പഞ്ചായത്തിലെ കടല്‍ഭിത്തി നിര്‍മ്മാണം, കുടിവെള്ളക്ഷാമം, വൈദ്യുത വിതരണ തടസ്സം എന്നീ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു.

ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ തീരശോഷണത്തിനുള്ള താല്‍ക്കാലിക പരിഹാരമായി ഭരണാനുമതി ലഭിച്ച 35 ലക്ഷം രൂപയുടെ റബിള്‍ മൗണ്ട് വാള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ അടുത്ത ആഴ്ച തുടങ്ങുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 18-ാം വാര്‍ഡിലെ തീരദേശ സംരക്ഷണത്തിനായി 40 ലക്ഷം രൂപയുടെ താല്‍ക്കാലിക കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ഇതിന്റെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വാര്‍ഡ് 18 ല്‍ 450 മീറ്റര്‍ നീളമുള്ള കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് 6.31 കോടി രൂപയുടെ പ്രൊപ്പോസല്‍ ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കിയിട്ടുണ്ടന്ന് ഇറിഗേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പ്രൊപ്പോസലിനും അനുമതി ലഭിക്കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ 1, 17, 18 വാര്‍ഡുകള്‍ തീരദേശം ഹോട്ട്‌സ് സ്‌പോട്ടായി പ്രഖ്യാപിക്കുന്നതിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച പ്രപ്പോസലിലും തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ ഇറിഗേഷന്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. പതിനെട്ടാം വാര്‍ഡിലെ 7 കുടുംബങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പുതിയ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. പതിനേഴാം വാര്‍ഡിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികളും വേഗത്തിലാക്കണം. ഈ പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനായി കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. പ്രവര്‍ത്തികള്‍ ഏകോപിപ്പിക്കുന്നതിനായി സബ് കളക്ടറെ ചുമതലപ്പെടുത്തി.

യോഗത്തില്‍ വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം) കെ. ശാന്തകുമാരി, അഡീഷണല്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ബിജു പി. വര്‍ഗ്ഗീസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. അബ്ദുള്‍ മജീദ്, ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.സി ലളിത, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ജെ.എസ് ബിനോയ് ടി.വി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *