കന്നിമാസത്തിലെ ആയില്യത്തിന്റെ പ്രാധാന്യം
മേടം പത്ത് അഥവാ “പത്താമുദയം” കഴിഞ്ഞ് പുറ്റിനുള്ളിൽ നിദ്രയിലാണ്ട നാഗങ്ങൾ ഉറക്കം വെടിഞ്ഞു എഴുന്നേൽക്കുന്ന ദിവസം ആയിട്ടാണ് കന്നി മാസത്തിലെ ആയില്യം ഗണിക്കപ്പെടുന്നത്. ആയില്യം നാഗരാജാവിന്റെ നക്ഷത്രം ആണെന്ന പ്രത്യേകത കൂടി ഉള്ളതിനാൽ കന്നിയിലെ ആയില്യം പൂജ തൊഴുതാൽ ഒരുവർഷത്തെ ആയില്യം പൂജ തൊഴുതതിന് സമം ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഉറക്കം ഉണർന്നു വരുന്ന നാഗരാജാവിനും നാഗങ്ങൾക്കും ആചാരപ്രകാരം ഉള്ള പൂജകൾ അർപ്പിച്ചു സംപ്രീതരാക്കുന്നതാണ് കന്നിയിലെ ആയില്യം പൂജയുടെ പ്രധാന ചടങ്ങ് . നമ്മുടെ നാടായ കേരളത്തിന് സർപ്പങ്ങളുമായി അഭേദ്യമായ ബന്ധമാണുള്ളതെന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമനാൽ മഴുവെറിഞ്ഞു സൃഷ്ടിക്കപ്പെട്ട ഭൂമിയാണ് കേരളം എന്നാണ് സങ്കൽപം, മഴുവെറിഞ്ഞ ഭാഗം മുഴുവൻ കടൽ മാറി ഇന്നീ കാണുന്ന കേരളഭൂമി ഉണ്ടായി എന്നും ഈ ഭൂമിയിൽ അളവിലധികം ഉണ്ടായിരുന്ന ലവണാംശം ഇവിടെ ജനവാസം അസാധ്യമാക്കിതീർത്തതായും ഇതിനാൽ തന്നെ നാഗപ്രീതി വരുത്തി മണ്ണ് വാസയോഗ്യമാക്കിയതായും അതിനാൽ യഥാവിധി നാഗങ്ങൾക്ക് സവിശേഷ സ്ഥാനം നല്കപ്പെട്ടതായും ആണ് വ്യാഖ്യാനം. കേരളസംസ്കാരം അനുസരിച്ചു ഓരോ തറവാട്ടിലും സർപ്പങ്ങൾക്ക് ചിത്രകൂടവും കാവുകളും നൽകി നാം അവയെ സംരക്ഷിച്ചും ആരാധിച്ചും വരുന്നു. കന്നി മാസത്തിലെ ആയില്യം കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും കാവുകളിലും ആചാരപ്രകാരം ആഘോഷിക്കുന്നു. സന്താനലബ്ധി, സന്താനശ്രേയസ്, കുടുംബഐശ്വര്യം, ത്വക്രോഗശമനം എന്നിവക്ക് നാഗപ്രീതി കൂടിയേ തീരൂ എന്നുമാണ് വിശ്വാസം. പാൽപായസം നൽകിയും നൂറുപാലും അർപ്പിച്ചും മഞ്ഞാളാടിയും കദളിപ്പഴവും പൂക്കുലയും സമർപ്പിച്ചും ഭക്തിനിർഭരം ആചരിച്ചു വരുന്നതാണ് കന്നി മാസത്തിലെ ആയില്യം. ഈ വർഷം കന്നി മാസത്തിലെ ആയില്യം ഒക്ടോബർ 9 നു ആണ്..
നാഗരാജ ഗായത്രി
“ഓം സർപ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്വോ വാസുകി പ്രചോദയാത്”
ആയില്യദിനത്തിൽ മാത്രമല്ല എല്ലാ ദിനത്തിലും ഭക്തിയോടെ കുറഞ്ഞത് പത്തുതവണ നാഗരാജ ഗായത്രി ജപിക്കാം.
ആയില്യ ദിനത്തിൽ സര്പ്പദോഷപരിഹാരത്തിനായി നവനാഗസ്തോത്രം ജപിക്കുന്നത് ഉത്തമമാണ്.
നവനാഗസ്തോത്രം
“അനന്തം വാസുകിം ശേഷം പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ”