General

ആന ഓടിയ കണ്ണൂർ ഉളിക്കൽ ടൗണിൽ മൃതദേഹം; ആന ചവിട്ടിയതെന്ന് സംശയം; ആന തിരികെ കാടുകയറി

ഇന്നലെയാണ് ഉളിക്കൽ ടൗണിൽ ആന എത്തിയത്. മുൻകരുതലിന്റെ ഭാഗമായി ഉളിക്കലിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയ ആറുപേർക്ക് പരുക്കേറ്റിരുന്നു. വയത്തൂർ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ടായിരുന്നു.
നേരത്തെ ഉളിക്കൽ ടൗണിലെ പള്ളിയോട് ചേർന്നുള്ള കൃഷിയിടത്തിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. പിന്നീട് സമീപത്തെ കശുമാവിൻ തോട്ടത്തിലേക്ക് ആനയെ നീക്കുന്നതിനാണ് വനംവകുപ്പ് പടക്കം പൊട്ടിച്ചത്. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉദ്ദേശിച്ച ഭാഗത്തേക്കായിരുന്നില്ല ആന നീങ്ങിയത്. ഒരു ദിവസം നീണ്ട ആശങ്കകൾക്കൊടുവിലാണ് കാട്ടാന തിരികെ കാട് കയറിയത്. കൽപ്പാടുകൾ നിരീക്ഷിച്ച വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചു.

ടൗണിൽ കാട്ടാന ഓടിയ വഴിയിൽ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആന ഓടിയ വഴിയിൽ, മത്സ്യ മാർക്കറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്രശ്ശേരി സ്വദേശി ജോസ് ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ചവിട്ടേറ്റ് ആന്തരികാവയവങ്ങളടക്കം പുറത്തേക്ക് വന്ന നിലയിലാണ്. ഇന്നലെ രാവിലെയാണ് ജോസ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ആന ഓടിയ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആന ചവിട്ടിയതാണെന്നാണ് സംശയം. ആനയെ കാണാൻ വലിയ ജനക്കൂട്ടമെത്തിയിരുന്നു. ഇക്കൂട്ടത്തിൽ ജോസുമുണ്ടായിരുന്നു. പടക്കം പൊട്ടിയതോടെ ആന ഓടി, ജനക്കൂട്ടവും ഓടി. ഈ സമയത്ത് ജോസ് വീണുപോയതാകാമെന്നാണ് സൂചന.