‘ഓപ്പറേഷന്‍ അജയ്’, ഇന്ന് ഇസ്രയേലില്‍ എത്തും; 230ഇന്ത്യക്കാരുമായി പുറപ്പെടും
കേന്ദ്രസര്‍ക്കാരിന്റെ ഓപ്പറേഷന്‍ അജയ് മുഖേന ഇസ്രയേലില്‍ നിന്നുളള ആദ്യ ഇന്ത്യന്‍ സംഘം രാത്രിയോടെ പുറപ്പെടും. 230 ഇന്ത്യക്കാരാണ് ആദ്യസംഘത്തിലുളളത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ നേതൃത്വത്തില്‍ ദില്ലിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ ഓണ്‍ലൈന്‍ വഴി പങ്കെടുത്തു.
ഇസ്രയേലില്‍ നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്ന 230 പേരാണ് ആദ്യ സംഘത്തിലുളളത്. ഇവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്. ഓപ്പറേഷന്‍ അജയ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാകും സംഘം എത്തുക. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെടുക. സൗജന്യമായാണ് യാത്രക്കാരെ നാട്ടിലെത്തിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേസമയം ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ നിന്നുള്ള വിമാനം എയര്‍ ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. ഇതേത്തുടര്‍ന്ന് മടങ്ങാന്‍ കഴിയാത്തവരെയും ഒഴിപ്പിക്കല്‍ ഡ്രൈവില്‍ ഉള്‍പ്പെടുത്തും. 18000ത്തോളം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ ഉണ്ടെന്നാണ് കണക്ക്. ഓപ്പറേഷന്‍ അജയ് വഴി എത്തുന്ന മലയാളികള്‍ക്കുളള സൗകര്യങ്ങള്‍ കേരള ഹൗസില്‍ ഒരുക്കിയിട്ടുണ്ട്. നോര്‍ക്ക, പിആര്‍ഡി വഴിയാകും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. കൂടാതെ അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാന്‍ ഇന്ത്യന്‍ എംബസി ഹൈല്‍പ്പ്ലൈന്‍ നമ്പറുകളും പുറത്തുവിട്ടിരുന്നു.