മത്സ്യം നൽകുന്ന ലാഭം റമസാനിന്റെ പുണ്യമാക്കി നൂർദീനും കുടുംബവും
തൃപ്രയാർ: മത്സ്യ വിൽപ്പനയിൽ നിന്നുള്ള ലാഭ വിഹിതം നോമ്പുകാലത്ത് നിർദ്ധന കുടുംബങ്ങൾക്കായി പങ്കുവെച്ച് മത്സ്യവ്യാപാരി.നാട്ടിക സെന്ററിൽ പി.എം.എൻ ഫിഷ് സെന്റർ ഉടമ പുഴങ്കരയില്ലത്ത് നൂർദീനും കുടുംബവുമാണ് ഇത്തവണയും നിർദ്ധന കുടുംബങ്ങൾക്കായി തങ്ങളുടെ സമ്പാദ്യത്തിലെ ലാഭ വിഹിതം പങ്കുവെച്ചത്. കഴിഞ്ഞ ഇരുപത് വർഷമായി നോമ്പുകാലത്ത് നിർദ്ധന കുടുംബങ്ങൾക്ക് അരി സൗജന്യമായി വിതരണം ചെയ്യുന്നത് നൂർദീൻ തുടർന്നു വരുന്നു. തുടക്കത്തിൽ നൂറിൽ നിന്ന് തുടങ്ങിയ അരി വിതരണം ഇത്തവണ ആയിരത്തോളം കുടുംബങ്ങളിലേക്ക് എത്തിക്കാനായി. വി.ആർ.വിജയൻ, തട്ടുപ്പറമ്പിൽ വിജയൻ, നൗഷാദ് പുഴങ്കരയില്ലത്ത്, തട്ടുപ്പറമ്പിൽ രാധാകൃഷ്ണൻ, ബിൽട്ടൻ തച്ചിൽ, വി.കെ.ഉണ്ണി, സജി എന്നിവർ കുടുംബങ്ങൾക്കുള്ള അരി വിതരണം ചെയ്തു. നാട്ടിക, തളിക്കുളം, വലപ്പാട് ഉൾപ്പെടെയുള്ളവിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ആയിരത്തോളം കുടുംബങ്ങൾക്കാണ് പി.എം.എൻ ഫിഷ് സെന്റർ അഞ്ചുകിലോ അരി അടങ്ങുന്ന റംസാൻ കിറ്റ് വിതരണം ചെയ്തത്.