EDUCATIONHealth

‘ഒന്നായി പൂജ്യത്തിലേക്ക്’ ലക്ഷ്യവുമായി എച്ച്.ഐ.വി-എയ്ഡ്‌സ് ബോധവത്ക്കരണ ശില്‍പശാല

തൃശൂര്‍: സംസ്ഥാന വ്യാപകമായി വിവിധ വകുപ്പുകളെ പങ്കാളികളാക്കി നടത്തുന്ന എച്ച്.ഐ.വി-എയ്ഡ്‌സ് ബോധവത്ക്കരണ ശില്‍പശാലയുടെ പ്രാരംഭ ഘട്ടത്തിന് തൃശൂര്‍ ജില്ലയില്‍ തുടക്കമായി. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഓഫീസര്‍മാര്‍ക്കായി പരിശീലന പരിപാടി സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. ശ്രീലത ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടിപി ശ്രീദേവി അധ്യക്ഷത വഹിച്ചു. എച്ച്.ഐ.വി-എയ്ഡ്‌സ് അവബോധം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന യുവതലമുറ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

എച്ച്.ഐ.വി-എയ്ഡ്‌സ് ബാധിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും വിവേചനമില്ലാതെ തുല്യരായി കാണണമെന്നും ശില്‍പശാല വ്യക്തമാക്കി. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, എച്ച്.ഐ.വി പോസിറ്റിവായ വ്യക്തിയില്‍ നിന്നും രക്തം സ്വീകരിക്കല്‍, അണുബാധയുള്ള സിറിഞ്ച്/ സൂചി ഉപയോഗിക്കല്‍, എച്ച്.ഐ.വി പോസിറ്റിവായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക്- ഈ മാര്‍ഗങ്ങളിലൂടെ മാത്രമേ വൈറസ് പകരൂ. വാക്‌സിന്‍ ഇല്ലാത്തതിനാല്‍ രോഗപ്രതിരോധവും അതിലുപരി ബോധവത്കരണവും അനിവാര്യമാണ്. ഗര്‍ഭിണികള്‍ ആദ്യത്തെ മൂന്നുമാസത്തില്‍ എച്ച്.ഐ.വി ടെസ്റ്റ് നടത്തണം. കൃത്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ അണുബാധ പകരുന്നത് തടയാമെന്ന് ശില്‍പശാല വ്യക്തമാക്കി.പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളില്‍ ഓരോ കംപ്ലെയിന്റ് ഓഫീസര്‍മാരെ നിയോഗിക്കുന്നത് പരിഗണനയിലാണ്. 2025 ഓടെ സീറോ ന്യൂ എച്ച്.ഐ.വി ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി തീവ്രബോധവത്കരണയജ്ഞം നടത്തും. ‘ഒന്നായി പൂജ്യത്തിലേക്ക്’ എന്ന സന്ദേശമുയര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 12ന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന-ജില്ലാതലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. എച്ച്.ഐ.വി അടിസ്ഥാന വിവരങ്ങള്‍, ദേശീയ എയ്ഡ്‌സ് നിയന്ത്രണ പരിപാടി, പ്രതിരോധ നിയന്ത്രണ നിയമം 2017 എന്നീ വിഷയങ്ങളില്‍ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഐ.ഇ.സി ജോയിന്റ് ഡയറക്ടര്‍ രശ്മി മാധവന്‍, ബാധിതര്‍ക്ക് വേണ്ടി നടപ്പക്കുന്ന സുരക്ഷാ പദ്ധതികള്‍ സംബന്ധിച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ അഞ്ജന എന്നിവര്‍ ക്ലാസെടുത്തു.

എച്ച്.ഐ.വി/എയ്ഡ്‌സ് പ്രതിരോധ – നിയന്ത്രണ പദ്ധതി രൂപീകരണം ചര്‍ച്ചയില്‍ ഡിവിഷണല്‍ അസിസ്റ്റന്റ് എസ്. ജയചന്ദ്രന്‍ മോഡേറ്ററായി. ജില്ലാ മെഡിക്കല്‍ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജീവ് കുമാര്‍, ജില്ലാ ടി ബി ഓഫീസറും ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസറുമായ ഡോ. അജയരാജ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ എന്‍. സതീഷ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ടി കെ ജയന്തി, ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.