General

വിസ നിയന്ത്രണത്തിൽ ഇളവ് നൽകി ഇന്ത്യ, കനേഡിയൻ പൗരന്മാർക്ക് ഇന്ത്യയിലെത്താം

കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ് നല്‍കി ഇന്ത്യ. എന്‍ട്രി വിസകള്‍, ബിസിനസ് വിസകള്‍, മെഡിക്കല്‍ വിസകള്‍, കോണ്‍ഫറന്‍സ് വിസകള്‍ എന്നിവയാണ് അനുവദിച്ചിരിക്കുന്നത്. വിസ സേവനങ്ങള്‍ പുനരാരംഭിക്കുന്നത് ഒക്ടോബര്‍ 26 വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ സംശയ നിഴലിലാക്കി കാനേഡിയന്‍ പ്രസിഡണ്ട് ജസ്റ്റിന്‍ ട്രൂഡോ പ്രസ്താവനയിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ- കാനഡ ബന്ധം മോശമായത്. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് വിസ നല്‍കുന്നത് നിര്‍ത്തിയെന്നാണ് ഇന്ത്യ ആവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് കാനഡ ഇന്ത്യയില്‍ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചിരുന്നു.
ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയുടെ തീരുമാനത്തിന് ബദലായി കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി. ഇതിനു പിന്നാലെ കനേഡിയന്‍മാര്‍ക്കുള്ള പുതിയ വിസ അനുവദിക്കുന്നത് സെപ്റ്റംബര്‍ 21 മുതല്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.