കേരള ജനതയെ ഞെട്ടിച്ച് കളമശ്ശേരിയിൽ ഉഗ്രസ്‌ഫോടനം; സ്ഫോടനത്തിൽ ഒരാൾ മരിച്ചു
കൊച്ചി: കേരള ജനതയെ ഞെട്ടിച്ച് കളമശ്ശേരിയിൽ ഉഗ്രസ്‌ഫോടനം . കളമശ്ശേരി സമാറ കൺവെൻഷൻ സെന്ററിലാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് ഹാളിൽ സ്‌ഫോടനം നടന്നത് . രണ്ടായിരത്തി അഞ്ഞൂറോളം പേർ ഹാളിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പ്രാർത്ഥന ആരംഭിച്ചതിന് പിന്നാലെ തുടരെ തുടരെ മൂന്ന് സ്‌ഫോടനങ്ങൾ ഉണ്ടായതായാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. വേദിയ്ക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനത്തിന്റെ സമാപനദിനമായിരുന്നു ഇന്ന്. സ്‌ഫോടനം നടന്ന ഹാൾ പോലീസ് സീൽ ചെയ്തിരിക്കുകയാണ്. കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ജാഗ്രത പാലിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ക്രമസമാധാനപരിപാലന ചുമതലയുള്ള എഡിജിപി കൊച്ചിയിലെത്തും. ഇന്റലിജന്റ് മേധാവിയും കൊച്ചിയിലെത്തിയിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തും. അതേസമയം സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്.. നിരവധി പേരുടെ നില ഗുരുതരമാണ്.മരിച്ചയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചുവെന്നാണ് പ്രാഥമിക വിവരം.