ചാമ്പ്യന്മാരെ എറിഞ്ഞിട്ട് ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ 100 റൺസിന്റെ വിജയം
ലഖ്നൗ: ഏകദിന ലോകകപ്പിൽ തുടർച്ചയായ ആറാം ജയവുമായി ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകർത്തെറിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 9 വിക്കറ്റിന് 229 റൺസ് എന്ന നിലയില്‍ ഒതുങ്ങിയിരുന്നു. 101 പന്തുകളിൽ നിന്ന് 3 സിക്സും 10 ഫോറുമടക്കം 87 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129 റൺസിന് എല്ലാവരും പുറത്തായി. മുഹമ്മദ് ഷമി നാല് വിക്കറ്റെടുത്തു. ജസ്പ്രിത് ബുമ്രയ്ക്ക് മൂന്നും കുല്‍ദീപ് യാദവിന് രണ്ടും വിക്കറ്റുണ്ട്.
ആറാം ജയത്തോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. അടുത്ത മൂന്ന് മത്സരങ്ങളില്‍ ഒന്ന് ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. അഞ്ചാം തോല്‍വിയോടെ ഇംഗ്ലണ്ട് പുറത്തേക്കും.


