എസ് എൻ ട്രസ്റ്റ് സ്കൂൾ സിൽവർ ജൂബിലി കെട്ടിടം വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു
നാട്ടിക: എസ്‌എൻ ട്രസ്റ്റ് സ്കൂളിന്റെ സിൽവർ ജൂബിലി കെട്ടിടം ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.കെ പ്രസന്നൻ അധ്യക്ഷത വഹിച്ചു. മൂന്ന് പതിറ്റാണ്ടിലധികമായി എസ്‌എൻ ട്രസ്റ്റിനെ മുന്നോട്ട് നയിച്ച ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി കേക്ക് മുറിച്ച് സിൽവർ ജൂബിലി ആഘോഷിച്ചു.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി അവശരായ കിടപ്പുരോഗികൾക്ക് വീൽചെയർ, എയർബെഡ്, കട്ടിൽ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. ഒരു വിദ്യാർത്ഥിയുടെ വീടിന്റെ ജപ്തി ഒഴിവാക്കി അതിന്റെ ആധാരം കുടുംബത്തിന് കൈമാറി.

സ്കൂളിന്റെ പുരോഗതിയിൽ സന്തോഷം പ്രകടിപ്പിച്ച വെള്ളാപ്പള്ളി, ചാർജ് വഹിക്കുന്ന പി.കെ പ്രസന്നനെയും, അധ്യാപകരെയും, പ്രിൻസിപ്പാളിനെയും, ഹെഡ് മിസ്ട്രസിനെയും, എൻ എസ് എസ് കോർഡിനേറ്റർ ശലഭജ്യോതിഷിനെയും, പി ടി എ പ്രതിനിധികളെയും, രക്ഷിതാക്കളെയും അഭിനന്ദിച്ചു. പി ടി എ പ്രസിഡന്റ് പി.എസ്.പി നസീറിന് മൊമെന്റോയും നൽകി.
യോഗത്തിൽ ആർ ഡി സി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണത്ത്, എഡ്യൂക്കേഷൻ സെക്രട്ടറി ഇ.ജി ബാബു, പി ടി എ പ്രസിഡന്റ് പി.എസ്.പി. നസീർ, വാർഡ് മെമ്പർ ഗ്രീഷ്മ സുഖിലേഷ്, വികസന സമിതി ചെയർമാൻ മണികണ്ഠൻ സി.എസ്, സ്റ്റാഫ് സെക്രട്ടറി നവീൻ ഭാസ്കർ, അധ്യാപകരായ രഘുമാഷ്, ബബിൽ മാഷ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ ജയബിനി സ്വാഗതവും ഹെഡ് മിസ്ട്രസ് മിനി ടീച്ചർ നന്ദിയും പറഞ്ഞു.
