തലശ്ശേരി കോടതിയിൽ സിക വൈറസ് ബാധ; വൈറോളജി ലാബ് പരിശോധനയില്‍ സ്ഥിരീകരണം
തലശ്ശേരി ജില്ലാ കോടതിയിൽ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഉണ്ടായ ശാരീരിക അസ്വസ്ഥതകളും സിക വൈറസ് ബാധമൂലമാണെന്നാണ് സൂചന.
ഒരാഴ്ച മുന്‍പാണ് തലശ്ശേരി കോടതി ജീവനക്കാര്‍ക്കിടയില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ശരീരത്തില്‍ തടിപ്പ്, ക്ഷീണം, പനി തുടങ്ങിയവയായിരുന്നു അനുഭവപ്പെട്ടിരുന്നത്. കോടതിയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിരുന്നു. ജില്ലാ കോടതി സമുച്ചയത്തിലെ മൂന്ന് കോടതികളിലെ ജീവനക്കാര്‍ക്കും കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കും രണ്ട് ജഡ്ജിമാര്‍ക്കുമാണ് ശാരീരിക പ്രശ്‌നങ്ങളുണ്ടായത്. നൂറോളം പേര്‍ അസുഖ ബാധിതരായ സാഹചര്യത്തില്‍ മൂന്ന് കോടതികള്‍ അടച്ചിട്ടിരുന്നു.
വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൊതുകു നശീകരണം അടക്കമുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡെങ്കി, ചിക്കുൻ ഗുനിയ തുടങ്ങിയവ പരത്തുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക വൈറസ്.
പനി, ശരീരത്തില്‍ ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി, സന്ധിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. കുട്ടികളിലും മുതിർന്നവരിലും സിക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശ്നങ്ങളിലേയ്ക്ക് വരെ എത്താം.