THRISSUR

ജില്ലയിലെ സാധാരണക്കാര്‍ക്ക് സമയബന്ധിതമായി വൈദ്യുത കണക്ഷനുകള്‍ ലഭിക്കും: വൈദ്യുതി വകുപ്പ് മന്ത്രി

  • നവീകരിച്ച ചൂലിശ്ശേരി പോള്‍ കാസ്റ്റിങ്ങ് യൂണിറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു

നവീകരിച്ച ചൂലിശ്ശേരി പോള്‍ കാസ്റ്റിങ്ങ് യൂണിറ്റിന് പ്രതിമാസം 8 മീറ്ററിന്റെ 1440 പോസ്റ്റുകളും 9 മീറ്ററിന്റെ 384 പോസ്റ്റുകളും നിര്‍മ്മിക്കാന്‍ ശേഷിയുണ്ട്. ചൂലിശ്ശേരി യാര്‍ഡില്‍ നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ തമിഴ്‌നാടില്‍ നിന്ന് അധിക വിലയില്‍ പോളുകള്‍ വാങ്ങേണ്ടി വരില്ല. ഇതുമൂലം തൃശൂര്‍ ജില്ലയിലെ സാധാരണക്കാര്‍ക്ക് സമയബഡിതമായി വൈദ്യുത കണക്ഷനുകള്‍ ലഭിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണകുട്ടി പറഞ്ഞു. നവീകരണം പൂര്‍ത്തിയാക്കിയ ചൂലിശ്ശേരി പോള്‍ കാസ്റ്റിങ്ങ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വൈദ്യുതി ഉത്പാദനത്തിലും വിതരണത്തിലും പുത്തന്‍ ഉണര്‍വ്വുനല്‍കുന്ന നിരവധി പദ്ധതികള്‍ക്കാണ് കേരള സര്‍ക്കാന്‍ മുന്‍കൈ എടുക്കുന്നത്. അതിന്റെ ഒരു ഉദാഹരണമാണ് നവീകരിച്ച ചൂലിശ്ശേരി പോള്‍ കാസ്റ്റിങ്ങ് യൂണിറ്റ്. പോള്‍ കാസ്റ്റിങ്ങ് യൂണിറ്റിന്റെ ഭാഗമായ ഭൂമിയില്‍ 33 കെ.വി. സബ് സ്റ്റേഷന് ഭരണാനുമതിയും നല്‍കിയട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉത്പാദന വിതരണ രംഗത്തേക്ക് സ്വകാര്യ കമ്പനികളെ ആകര്‍ഷിക്കാനുള്ള നയങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റിന്റേത്. ഇത് വൈദ്യുതി നിരക്ക് വളരെയധികം ഉയരാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ വൈദ്യുതി നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ് എന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണന്‍ എം പി വിശിഷ്ടാതിഥിയായിരുന്നു. കെ. എസ്. ഇ. ബി. മേഖലാ മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.