THRISSUR

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു അന്തിമ വോട്ടര്‍ പട്ടിക ജൂലൈ ഒന്നിന്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ ആക്ഷേപങ്ങളും അപേക്ഷകളും ഉള്ളവര്‍ക്ക് ജൂണ്‍ 21ന് വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. ജൂണ്‍ 29ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കും. ജൂലൈ ഒന്നിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. sec.kerala.gov.in മുഖേന ഫോം 4 ല്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. ഫോം 5 ല്‍ പേര് ചേര്‍ക്കുന്നതോ ഒഴിവാക്കുന്നത് സംബന്ധിച്ചോ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം. വോട്ടര്‍പട്ടികയുടെ ഉള്‍ക്കുറിപ്പുകള്‍ ഫോം 6 വഴി തിരുത്താം. ഫോം 7 ലാണ് പേര് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് അപേക്ഷിക്കേണ്ടത്. തൃശൂര്‍ ജില്ലയില്‍ ഒരു കോര്‍പറേഷന്‍, 7 നഗരസഭ, 86 ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ 94 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്. കോര്‍പറേഷന്‍- 55, നഗരസഭ- 274, ഗ്രാമപഞ്ചായത്ത്- 1465 എന്നിങ്ങനെയാണ് വാര്‍ഡുകളുടെ എണ്ണം. 211 പോളിങ് സ്‌റ്റേഷനുകള്‍ കോര്‍പറേഷനിലും 296 എണ്ണം നഗരസഭായിലും 2824 പോളിങ് സ്‌റ്റേഷനുകളുമാണ് ഗ്രാമപഞ്ചായത്തുകളിലായി ഉള്ളത്. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. ശ്രീകുമാര്‍, അഡ്വ. കെ.ബി സുമേഷ്, പി.പി ഉണ്ണിരാജ്, കെ.വി ദാസന്‍, പി.കെ ഷാജന്‍, മുരളി കൊളങ്ങാട്, സി.ഐ നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.