എളവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബോറട്ടറി തുറന്നു
തൃശൂർ: എളവള്ളി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബോറട്ടറി പ്രവർത്തനം ആരംഭിച്ചു. ലബോറട്ടറിയുടെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.സി.മോഹനൻ അധ്യക്ഷനായി.
സംസ്ഥാന സർക്കാരിന്റെ ഹെൽത്ത് ഗ്രാൻ്റിൽ നിന്നും 3 ലക്ഷം രൂപ ചെലവിലാണ് ലാബിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. കൂടാതെ നിരവധി ഉപകരണങ്ങൾ ആരോഗ്യവകുപ്പ് സൗജന്യമായി നൽകിയിട്ടുണ്ട്. നാല്പതോളം വിവിധ ടെസ്റ്റുകൾ മിതമായ നിരക്കിൽ ചെയ്യാനുള്ളള്ള സൗകര്യവും ലാബിൽ സജ്ജമാണ്. ലാബ് ടെക്നീഷ്യന്റെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ലാബോറട്ടറിയുടെ പ്രവർത്തന സമയം. വൈകിട്ട് 3.30 മണിയോടെ റിസൾട്ട് ലഭ്യമാകും.
ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, ലീന ശ്രീകുമാർ, കെ.ഡി.വിഷ്ണു, ലിസി വർഗീസ്, പി.എം.അബു, സുരേഷ് കരുമത്തിൽ, രാജി മണികണ്ഠൻ, എം.പി.ശരത് കുമാർ, സീമ ഷാജു, ഷാലി ചന്ദ്രശേഖരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി തോമസ് രാജൻ, ജില്ലാ ലാബ് ഓഫീസർ ബി.സി.മിനി, മെഡിക്കൽ ഓഫീസർ ഡോ.ടി.എസ്.അജോഷ് തമ്പി,ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് വി.ജെ.ജോബി തുടങ്ങിയവർ പങ്കെടുത്തു.