വെറ്ററിനറി സര്‍വ്വകലാശാല: ‘ജീവനം ജീവധനം’ തുടങ്ങി
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി എ.ഐ.സി.ആര്‍.പി ഗവേഷണ കേന്ദ്രം നടപ്പിലാക്കുന്ന എസ് സി എസ് പി – പട്ടികജാതി ഉപപദ്ധതിയുടെ ഉദ്ഘാടനം സര്‍വകലാശാല സംരംഭകത്വ വിഭാഗം ഡയറക്ടര്‍ ഡോ. ടി. എസ്. രാജീവ് മുട്ടക്കോഴി വിതരണം ചെയ്തു നിര്‍വ്വഹിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ധനസഹായത്തോടെയുള്ള പദ്ധതി വെറ്ററിനറി സര്‍വ്വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീമുമായി (ജീവനം ജീവധനം) സഹകരിച്ചാണ് നടപ്പാക്കുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും കോഴിവളര്‍ത്തലില്‍ താല്‍പര്യവും പരിചയവുമുള്ള അംഗങ്ങളുമുള്ള 52 പട്ടികജാതി കുടുംബങ്ങളെയാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. ഓരോ ഗുണഭോക്താവിനും 6 മാസം പ്രായമുള്ള 6 മുട്ടക്കോഴികളെയും 5 കിലോ ബ്രീഡര്‍ തീറ്റയുമാണ് സൗജന്യമായി നല്‍കിയത്. മണ്ണുത്തി വെറ്ററിനറി കോളേജ് ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ. വിജയകുമാര്‍, സര്‍വ്വകലാശാല ഫാമുകളുടെ ഡയറക്ടര്‍ ഡോ.ശ്യാം മോഹന്‍ കെ. എം., വിദ്യാര്‍ഥി ക്ഷേമവകുപ്പ് ഡയറക്ടറും എന്‍എസ്എസ് കോര്‍ഡിനേറ്ററുമായ ഡോ. ശ്രീരഞ്ജിനി എ. ആര്‍. എന്നിവര്‍ പങ്കെടുത്തു. എഐസിആര്‍പി ഗവേഷണ കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ഡോ.ബീന സി. ജോസഫ് സ്വാഗതം ആശംസിക്കുകയും പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഗുണഭോക്താക്കള്‍ക്കുള്ള ശാസ്ത്രീയ കോഴിപരിപാലനപരിശീലനത്തിന് എഐസിആര്‍പി അസിസ്റ്റന്റ് പ്രൊഫസര്‍ & ഫാം മാനേജര്‍ ഡോ. സുജ സി. എസ് നേതൃത്വം നല്‍കി.
