തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഇടപെടലിൽ തടസങ്ങൾ നീങ്ങി;ഓമനക്ക് ഇനി വീട് നിർമ്മിക്കാം
തൃശൂർ : ഏറെ സന്തോഷത്തോടെയാണ് ഓമന തൃശൂർ തദ്ദേശ അദാലത്തിൽ നിന്ന് മടങ്ങിയത്. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നിർദ്ദേശത്തിൽ ഓമനക്ക് ഇനി വീട് ഒരുങ്ങും. ഓമനക്ക് ലൈഫ് മിഷൻ വഴി മാള ബ്ലോക്ക് പഞ്ചായത്തിൽ 2013 ൽ വീട് അനുവദിച്ചിരുന്നു. എന്നാൽ വഴി തർക്കവും സാമ്പത്തിക പ്രയാസങ്ങളും കാരണം വീട് പണിയുന്നത് മുടങ്ങി. പണി പൂർത്തിയാക്കാത്ത തിനാൽ കൈപറ്റിയ തുകയിൻമേൽ പലിശ സഹിതം റവന്യൂ റിക്കവറി നടപടികൾ പഞ്ചായത്ത് തുടങ്ങിയിരുന്നു. ഇതിന് പരിഹാരം കാണുവാനാണു ഓമന തദ്ദേശ അദാലത്തിൽ മന്ത്രിയെ കാണാൻ എത്തിയത്. അതിദാരിദ്ര്യ വിഭാഗത്തിൽ പെടുന്നയാളും പട്ടികജാതി വിഭാഗത്തിൽ പെടുന്നയാളും ആണെന്നത് കണക്കിലെടുത്ത് ലൈഫ് പദ്ധതിയിൽ അനുവദിച്ച ധനസഹായത്തിലെ തിരിച്ചടവ് മുതലും പലിശയും സഹിതം ഒഴിവാക്കി നൽകാൻ മന്ത്രി അദാലത്തിൽ നിർദേശിച്ചു. പഞ്ചായത്തിന്റെ റവന്യൂ റിക്കവറി നടപടികൾ നിർത്തിവെക്കാനും മന്ത്രി നിർദേശം നൽകി. കൂലിപ്പണി ചെയ്തുണ്ടാക്കുന്ന കാശിൽ നിന്നാണ് ഓമന കുടുംബത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്. ഭർത്താവിന്റെ അനാരോഗ്യവും മകന്റെ പഠിപ്പും ഇതിന് ഒപ്പം കൊണ്ടു പോവുകയും വേണം. മാനുഷിക പരിഗണന നൽകി പ്രശ്നം പരിഹരിച്ച മന്ത്രിയുടെ തീർപ്പ് ഏറെ സന്തോഷം നൽകുന്നതാണ് എന്ന് ഓമന പറഞ്ഞു.