എടത്തിരുത്തിയിൽ നവകിരൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിന് തുടക്കം
എടത്തിരുത്തി: നവകിരൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിന് എടത്തിരുത്തിയിൽ തുടക്കമായി. മുൻ ഇന്ത്യൻ വോളിബോൾ താരവും അർജുന അവാർഡ് ജേതാവുമായ സിറിൽ സി. വള്ളൂർ ടൂർണമെന്റ് ഉദ്ഘാടനംചെയ്തു.

ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി പി.ആർ. ശ്രീനിവാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, മുൻ ഇന്ത്യൻ താരം ഗോപിദാസ്, ക്ലബ് പ്രസിഡന്റ് പ്രശോഭിതൻ മുനപ്പിൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. നിഖിൽ, പഞ്ചായത്തംഗം സജീഷ് സത്യൻ, മുൻ താരങ്ങളായ പ്രചോദ് പണിക്കശേരി, അൻവർ ഹുസൈൻ, ഷിറാസ് കാവുങ്ങൽ, ഉത്തമൻ, പി.സി. രവി തുടങ്ങിയവർ സംസാരിച്ചു.

വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് എ.വി. സതീഷ്, കാർത്തിക സജയ് ബാബു എന്നിവർ ആശംസകളർപ്പിച്ചു.
ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്‌സ്, കേരള പോലീസ് ടീമിനെതിരെ മൂന്നിനെതിരെ ഒന്ന് എന്ന സ്‌കോറിൽ വിജയം സ്വന്തമാക്കി. മത്സരത്തിലെ മികച്ച കളിക്കാരനായി എയർഫോഴ്‌സിന്റെ മന്നത്ത് ചൗധരി തെരഞ്ഞെടുക്കപ്പെട്ടു.
