Sports

മിന്നും ജയവുമായി മിന്നു മണി; ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു

മുംബൈ: മലയാളി താരം മിന്നുമണി നയിച്ച ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് എ ടീമിന് മിന്നും ജയം. ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മൂന്നുറണ്‍സിനാണ് ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യന്‍ എ ടീമിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എടുത്തു. ഓപ്പണര്‍ ദിനേശ് വൃന്ദ, ദിഷ കസത്, ജി ദിവ്യ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 57 പന്തില്‍ 70 റൺസിന്റെ മികച്ച കൂട്ടുകെട്ടുയർത്തിയ ഹോളി ആര്‍മിറ്റേജ്, സെറിന്‍ സ്‌മെയിൽ സഖ്യത്തെ 17-ാം ഓവറില്‍ തകർത്തു വിട്ട് ക്യാപ്റ്റന്‍ മിന്നു മണി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. ഇന്ത്യക്ക് വേണ്ടി കശ്‌വീ ഗൗതം, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.