ആദ്യം വന്നവർ ഫിഫ്‌റ്റിയടിച്ചു, ശ്രേയസിനും രാഹുലിനും സെഞ്ചുറി; നെതർലൻഡ്സിനെ തകർത്തെറിഞ്ഞ് ഇന്ത്യ
ബെംഗളൂരു: ഏകദിന ലോകകപ്പിൽ ഒന്‍പതില്‍ ഒന്‍പതു മത്സരവും വിജയിച്ച് ഇന്ത്യ. അവസാന മത്സരത്തിൽ നെതർലൻഡ്സിനെ 160 റൺസിന് തകർത്തെറിഞ്ഞു. ശ്രേയസ് അയ്യരുടെയും കെ എൽ രാഹുലിന്റെയും മിന്നും സെഞ്ചുറികളുടെ ബലത്തിൽ ഇന്ത്യ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ നെതർലൻഡ്സ് 47.5 ഓവറില്‍ 250ന് എല്ലാവരും പുറത്തായി. ശ്രേയസ് അയ്യര്‍ പുറത്താകാതെ 128 റൺസും, കെ എല്‍ രാഹുല്‍ 64 പന്തിൽ 102 റൺസും നേടി. രോഹിതും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും അര്‍ധശതകങ്ങള്‍ തികച്ചു. 54 റണ്‍സ് നേടിയ താജ നിതമാനുരുവാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോററര്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ഓരോ വിക്കറ്റുണ്ട്.