THRISSUR

ഔഷധ ഉദ്യാനമായി വരവൂര്‍ മാതൃക പച്ചത്തുരുത്ത്

ഹരിതാഭയില്‍ നിറഞ്ഞ് ഔഷധ ഉദ്യാനമായി വരവൂര്‍ മാതൃക പച്ചത്തുരുത്ത്. നൂറോളം ഔഷധ സസ്യങ്ങളാണ് വരവൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ കൊറ്റുപുറത്തെ ജലസമൃദ്ധമായ കോഴിക്കോട്ട് കുളത്തിന് സമീപം വളര്‍ന്ന് നില്‍ക്കുന്നത്. 2022 പരിസ്ഥിതി ദിനത്തില്‍ മന്ത്രി കെ. രാധാകൃഷ്ണനാണ് നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. രണ്ടുവര്‍ഷത്തില്‍ വരവൂര്‍ മികച്ച ഔഷധ ഉദ്യാനമായി മാറി. അതിതീവ്ര വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങള്‍ക്ക് ഇവിടെ ആവാസവ്യവസ്ഥ ഒരുക്കിയതാണ് മറ്റൊരു പ്രത്യേക. രണ്ട് ഘട്ടങ്ങളിലായി നട്ട് പിടിപ്പിച്ച 30 ഓളം കുളവെട്ടികളാണ് ഇവിടെ വളര്‍ന്ന് വരുന്നത്. മുളച്ച് വരുന്ന ഇവയുടെ തൈകള്‍ 10 ശതമാനം പോലും വളരാറില്ല. ലോകത്തില്‍ ആകെയുള്ള 300 ഓളം കുളവെട്ടിമരങ്ങളിലേക്ക് കൂട്ടിചേര്‍ക്കാന്‍ വരവൂരിന്റെ കുളവെട്ടി തൈകളും കൂടി ഇടം നേടുന്നതോടെ ജൈവ ഭൂപടത്തില്‍ വരവൂരിന്റെ പച്ചതുരുത്തും ഇടം നേടും.