ലോക ക്ലബ് ഫൂട്ട് വാരാചരണം; ഉദ്ഘാടനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു
ലോക ക്ലബ് ഫൂട്ട് വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.ഷാജന്‍ അധ്യക്ഷനായി. കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ഒരു പാദമോ ഇരു പാദങ്ങളോ കാല്‍ക്കുഴിയില്‍ നിന്നും അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയായ ക്ലബ് ഫൂട്ട് ആദ്യ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കണ്ടെത്തി ചികിത്സ പൂര്‍ത്തീകരിക്കുകയാണെങ്കില്‍ കുഞ്ഞിലെ വൈകല്യങ്ങളില്‍ നിന്ന് രക്ഷിക്കാവുന്നതാണ്. തടസ്സം കൂടാതെയുള്ള തുടര്‍ചികിത്സയാണ് ഏറെ പ്രാധാന്യം. ഈ അവസ്ഥ നേരത്തേ കണ്ടെത്തിയാല്‍ നേരെ ആക്കാമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കായാണ് ലോക ക്ലബ് ഫൂട്ട് വാരാചരണം ലക്ഷ്യമിടുന്നത്. ജില്ലയില്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ അവസ്ഥ പരിഹരിക്കാന്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. ജില്ലയില്‍ നാളിതുവരെ 329 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 137 കുഞ്ഞുങ്ങളുടെ ചികിത്സ പൂര്‍ത്തിയാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ടി.പി. ശ്രീദേവി വിഷയാവതരണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി സജീവ്കുമാര്‍, ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.കെ അനൂപ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ശ്രീജിത്ത്.എച്ച്.ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ജനറല്‍ ആശുപത്രി, ഓര്‍ത്തോപിഡീഷന്‍ ഡോ.സൈമണ്‍ ചുങ്കത്ത് ബോധവത്ക്കരണ ക്ലാസ് നയിച്ചു.