THRISSUR

വിവരാവകാശ കമ്മീഷന്‍ ഹിയറിങില്‍ 32 അപ്പീലുകള്‍ തീര്‍പ്പാക്കി

തൃശ്ശൂര്‍: വിവരാവകാശ നിയമപ്രകാരം വരുന്ന അപേക്ഷകള്‍ക്ക് പൂര്‍ണതയോടെയും വ്യക്തതയോടെയും മറുപടി കൊടുക്കാമെന്നിരിക്കെ ചെറിയ ശതമാനം ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി മറുപടി നല്‍കുന്നതില്‍ വീഴ്ച്ചവരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമയബന്ധിതമായി മറുപടി നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശ്ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം. ശ്രീകുമാര്‍. തൃശ്ശൂര്‍ കളക്ട്രേറ്റില്‍ നടന്ന ഹിയറിങിന് ശേഷം സംസാരിക്കുകയായിരുന്നു വിവരാവകാശ കമ്മീഷണര്‍. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കണമെന്നും അപേക്ഷകള്‍ തികഞ്ഞ ജാഗ്രതയോടെയും ഗൗരവത്തോടെയും കാണണമെന്നും ഉദ്യോഗസ്ഥര്‍ക്ക് കര്‍ശ്ശന നിര്‍ദേശം നല്‍കിയതായും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.

കളക്ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം. ശ്രീകുമാറിൻ്റെ അധ്യക്ഷതയില്‍ നടത്തിയ ഹിയറിങില്‍ 32 അപ്പീലുകള്‍ തീര്‍പ്പാക്കി. 33 അപ്പീലുകളായിരുന്നു പരിഗണിച്ചത്. ഉദ്യോഗസ്ഥര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ബാക്കിയുള്ള ഒരു അപ്പീല്‍ അടുത്ത സിറ്റിങിലേക്ക് പരിഗണിക്കുന്നതിനായി മാറ്റി. രണ്ട് ദിവസങ്ങളായി നടന്ന ഹിയറിങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, പൊലീസ്, വിദ്യാഭ്യാസ വകുപ്പ്, റവന്യൂ എന്നീ വകുപ്പുകളുമായ് ബന്ധപ്പെട്ട അപ്പീലുകളാണ് പരിഗണിച്ചത്.